അബൂദബി: രണ്ടാമത് അബൂദബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്ക്(എ.ഡി.ജി.എച്ച്.ഡബ്ല്യു 2025)ഏപ്രില്‍ 15 മുതല്‍ 17 വരെ നടക്കുമെന്ന് അബൂദബി ആരോഗ്യ വകുപ്പ് അറിയിച്ചു. കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷകര്ത്വത്തിലാണ് പരിപാടി. ‘ദീര്‍ഘായുസ്സിലേക്ക്: ആരോഗ്യവും ക്ഷേമവും പുനര്‍നിര്‍വചിക്കുന്നു’ എന്ന പ്രമേയത്തിലാണ് പരിപാടി അരങ്ങേറുക. ആരോഗ്യപരിചരണത്തിനും ക്ഷേമത്തിനുമുള്ള നൂതന പരിഹാരമാര്ഗങ്ങളിലേക്കുള്ള നിക്ഷേപത്തിനും കണ്ടെത്തലിനും സഹകരണത്തിനും വഴിതുറക്കുന്ന വേദി കൂടിയാവും പരിപാടി. 325 പ്രദര്‍ശകരും പതിനയ്യായിരത്തിലേറെ സന്ദര്‍ശകരും ഇത്തവണത്തെ എ.ഡി.ജി.എച്ച്.ഡബ്ല്യുവില്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം അരങ്ങേറിയ ഉദ്ഘാടന പതിപ്പില്‍ 97 രാജ്യങ്ങളില്‍ നിന്നായി 1600 പ്രതിനിധികള്‍ സംബന്ധിച്ചിരുന്നു. 11,500 സന്ദര്‍ശകരും എത്തിച്ചേർന്നു. 18 കരാറുകളും ധാരണാപത്രങ്ങളും എ.ഡി.ജി.എച്ച്.ഡബ്ല്യു ഉദ്ഘാടനപതിപ്പില്‍ ഒപ്പിട്ടിരുന്നു. 11 ഗവേഷണ പദ്ധതികള്‍ക്കായി 1.9 കോടി ദിര്‍ഹം ‘മാന്‍ ഹെല്‍ത് ആന്‍ഡ് ലൈഫ് സയന്‍സസ് റിസര്‍ച്ച് ഇന്നൊവേഷന്’ ഫണ്ട് നല്കിയതും അബൂദബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിന്റെ വിജയം പ്രതിഫലിപ്പിക്കുന്നതായിരുന്നു. ആഗോളതലത്തില്‍ ആരോഗ്യപരിചരണ രംഗത്തിന്റെ ഭാവിമാതൃക രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധരാണ് സംബന്ധിച്ചത്. സമ്മേളന ഭാഗമായി സംഘടിപ്പിച്ച എക്സിബിഷനില്‍ 100 ഓളം ആഗോള സ്ഥാപനങ്ങള്‍ പങ്കെടുത്തു. നിര്‍മിത ബുദ്ധി, റോബോട്ടിക്സ്, ആരോഗ്യ പരിചരണ മാതൃകകള്‍ തുടങ്ങിയ രംഗങ്ങളിലെ നൂതന സംവിധാനങ്ങളാണ് എക്സിബിഷനില്‍ അവതരിപ്പിച്ചത്. എം42, പ്യുര്‍ ഹെല്‍ത്, ജോണ്സണ് ആന്‍ഡ് ജോണ്സണ്, മൈക്രോസോഫ്റ്റ്, ബുര്‍ജീല്‍ ഹോള്‍ഡിങ്സ്, ജി.എസ്.കെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്തിയര് ലിവിങ് അബൂദബി, നോവാര്‍ട്ടിസ്, വിയട്രിസ്, അസ്ട്രസെനക, സനോഫി തുടങ്ങി നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ആരോഗ്യവകുപ്പ് സമ്മേളനം സംഘടിപ്പിച്ചത്.