കുവൈത്ത് സിറ്റി: മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി ഡോ. എം എ സിദ്ദിഖ് പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷനായ കല കുവൈത്തിന്റെ 46ാം വാർഷിക പൊതുസമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയവാദികൾ കൊടികുത്തിയുണ്ടായതല്ല, മറിച്ച് പോരാടി നേടിയതാണ് നാം ഇന്നുകാണുന്ന കേരളമെന്ന് സിദ്ദിഖ് പറഞ്ഞു.
അബ്ബാസിയ സെൻട്രൽ സ്കൂളിൽ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ലോകകേരള സഭ അംഗം ആർ നാഗനാഥൻ ആശംസകൾ നേർന്ന് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാൻ സണ്ണി സൈജേഷ്, മുൻ ഭാരവാഹികളായിരുന്ന സജി തോമസ് മാത്യു, അനൂപ് മങ്ങാട്ട് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് സ്വാഗതവും ട്രഷറർ പി ബി സുരേഷ് നന്ദിയും പറഞ്ഞു. കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയത്.