കൈകോർത്ത് മുന്നേറാൻ ഒമാനും ഖത്തറും: ഖത്തർ ഭരണാധികാരി ഒമാൻ സന്ദർശിച്ചു

മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമദ് അൽഥാനി ഒമാനിൽ നിന്ന് മടങ്ങി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ഭരണ നയതന്ത്ര തലങ്ങളിലുള്ള നിരവധി പ്രമുഖർ തുടങ്ങിയവരുമായി ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമദ് അൽഥാനി കൂടിക്കാഴ്ച നടത്തുകയും നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. വ്യാപാര വാണിജ്യ നയതന്ത്ര മേഖലകളിൽ നിരവധി മേഖലകൾ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ബിസിനസ് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

2023 അവസാന പാദത്തിൽ ഒമാനും ഖത്തറുമായുള്ള വ്യാപാര വിനിമയം 111.33 കോടി ഒമാനി റിയാൽ ആയിരുന്നു. അതിൽ 28.47 കോടി ഒമാനി റിയാൽ ഖത്തറിലേക്കുള്ള കയറ്റുമതിയും 82.86 കോടി ഒമാനി റിയാൽ ഒമാനിലേക്കുള്ള ഇറക്കുമതിയും ആയിരുന്നുവെന്ന് ഒമാൻ ദേശീയ സ്ഥിതിവിവര ഏജൻസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം നവംബർ വരെയുള്ള കണക്കുകൾ പ്രകാരം വ്യാപാര മൂല്യം 95.08 കോടി ഒമാനി റിയാലും ഒമാനിൽ കയറ്റിറക്കുമതി മൂല്യങ്ങൾ യഥാക്രമം 20.59 കോടി ഒമാനി റിയാലും 75.49 കോടി ഒമാനി റിയാലും ആയിരുന്നതായും കഴിഞ്ഞ വർഷത്തെ ഒമാനിലേക്കുള്ള ഇറക്കുമതിയുടെ 5 ശതമാനം ഖത്തറിൽ നിന്നായിരുന്നുവെന്നും ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഒമാനിൽ നിക്ഷേപമുള്ള ഖത്തരി കമ്പനികളുടെ എണ്ണം പതിനഞ്ചാണെന്നും ഒമാനുമായുള്ള വ്യാപാരമിച്ചം ഖത്തറിന് അനുകൂലമാക്കുന്നതിൽ ഒമാനിലെ അവരുടെ വലിയ തോതിലുള്ള നിക്ഷേപങ്ങൾ സഹായിക്കുന്നുവെന്നും ഒമാനിലെ അവരുടെ മൊത്തനിക്ഷേപം ഏകദേശം 48.83 കോടി ഒമാനി റിയാൽ ആണെന്നും ഏജൻസിയുടെ റിപ്പോർട്ടിലുണ്ട്. അതേസമയം ഖത്തറിലുള്ള ഒമാന്റെ നേരിട്ടുള്ള നിക്ഷേപങ്ങൾ 2022 ൽ 4.1 ദശലക്ഷമായിരുന്നത് 2023 ൽ 4.3 ദശലക്ഷമായി വർദ്ധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ, സാമ്പത്തിക, സാംസ്ക്കാരിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിന് ഷെയ്ഖ് തമീമിന്റെ സന്ദർശനം വഴിതെളിച്ചുവെന്ന് ഖത്തറിലെ ഒമാൻ സ്ഥാനപതി സയ്യിദ് അമ്മാർ ബിൻ അബ്ദുള്ള അൽ ബുസൈദി പറഞ്ഞു. ഒമാനും ഖത്തറും തമ്മിൽ നിലനിൽക്കുന്ന ബന്ധം ഉറപ്പിക്കുന്നതിന് ഈ സന്ദർശനം വലിയ വിജയമായിരുന്നുവെന്ന് ഇരു രാജ്യങ്ങളിലെയും നയതന്ത്ര വാണിജ്യ സാമ്പത്തിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *