കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യം ലഭിക്കുന്നതിനായി ബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പി.എ.എം) പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഓരോ തൊഴിലാളിക്കും താമസ സ്ഥലത്ത് നിശ്ചിത ചതുരശ്ര അടി വിസ്തീർണ്ണത്തിൽ താമസ സ്ഥലം നൽകണം. ഒരു മുറിയിൽ നാലിലധികം തൊഴിലാളികൾ താമസിക്കാൻ പാടില്ല. ചെറിയ മുറിയിൽ സൗകര്യം തീരെ കുറഞ്ഞ സാഹചര്യങ്ങളിൽ തിങ്ങി താമസിക്കുന്നത് ഒഴിവാക്കാനും വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് മികച്ച ജീവിത സാഹചര്യം, മെച്ചപ്പെടുത്തുന്നതിനുംവേണ്ടിയാണ് നടപടി.
മന്ത്രാലയത്തിൻ്റെ നിബന്ധനകൾ പാലിക്കുന്ന രീതിയിൽ ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കി നൽകാത്ത തൊഴിലുടമകൾ, തങ്ങളുടെ കീഴിലുള്ള തൊഴിലാളികൾക്ക് ഹൗസിംഗ് അലവൻസ് നൽകണം. ഇതനുസരിച്ച്, കുറഞ്ഞ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ 25 ശതമാനവും, കൂടുതൽ ശമ്പളം ലഭിക്കുന്നവർക്ക് 15 ശതമാനവും താമസ അലവൻസ് നൽകണമെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.
തൊഴിലാളികൾക്ക് താമസം ഒരുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ തൊഴിലുടമകൾ അനുമതി നേടിയിരിക്കണമെന്നും പുതിയ നിബന്ധനകളിൽ പറയുന്നുണ്ട്. താമസ സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സ്ഥലം തൊഴിലാളികൾക്ക് താമസത്തിന് അനുയോജ്യമാണെന്നും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നും അധികൃതർ വ്യക്തമാക്കി.