ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ ഇതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ കത്ത് ഷെയ്ഖ് ഹംദാന് കൈമാറി. ഇന്നലെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കർ ക്ഷണക്കത്ത് നല്‍കിയത്.
ഇന്ത്യൻ വിദേശ കാര്യ മന്ത്രിയെയും അദ്ദേഹത്തിൻ്റെ കൂടെയുള്ള പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത ഷെയ്ഖ് ഹംദാന്‍, യുഎഇയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ അനുസ്മരിച്ചു. ഇരു രാജ്യങ്ങളിലും തമ്മിലുള്ള ബന്ധം സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക, വികസന മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അവ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും മോദിയുടെയും നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ വലിയ പുരോഗതി കൈവരിക്കാനായതായും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
ഉഭയകക്ഷി വ്യാപാരം കൂടുതല്‍ വ്യാപിപ്പിക്കുകയും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നിക്ഷേപ അവസരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) കൂടുതല്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ കൈക്കൊള്ളാനും ഇരു നേതാക്കളും തീരുമാനിച്ചു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായുള്ള ഷെയ്ഖ് ഹംദാന്റെ കൂടിക്കാഴ്ചയില്‍ യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, കൃത്രിമബുദ്ധി, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, വിദൂര ജോലി ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലമ തുടങ്ങി പ്രമുഖ നേതാക്കളും ഇന്ത്യന്‍ പ്രതിനിധി സംഘാംഗങ്ങളും പങ്കെടുത്തു.

