എൻബിടിസി തീപിടിത്തം: പരിക്കേറ്റവർക്ക് സഹായം ലഭ്യമാക്കിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ – കല കുവൈത്ത്

കുവൈത്ത് ‌ സിറ്റി: കുവൈത്തിലെ എൻബിടിസി തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 30 മലയാളികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 12നാണ് കുവൈത്ത് മംഗഫിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തമുണ്ടാകുന്നത്.

തീപിടുത്തത്തിൽ അകപ്പെട്ടവരുടെ വിവര ശേഖരത്തിനും, പരിക്കേറ്റവരെ സഹായിക്കുന്നതിനും വേണ്ടി നോർക്ക ഹെൽപ്പ് ഡെസ്കും കുവൈത്തിൽ പ്രവർത്തിച്ചിരുന്നു. അപകടമുണ്ടായ ദിവസങ്ങളിൽ തിരുവനന്തപുരത്ത് വെച്ച് ചേർന്ന ലോക കേരള സഭാ സമ്മേളനത്തിലും കുവൈത്തിൽ നിന്നുള്ള ലോക കേരളാ സഭാ അംഗങ്ങൾ ഇക്കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു. തൊഴിലാളികൾക്ക് സഹായം നൽകാൻ സർക്കാർ കൈക്കൊണ്ട തീരുമാനത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫും ജനറൽ സെക്രട്ടറി ടി വി ഹിക്മത്തും പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *