ദോഹ: ഒരു മാസക്കാലത്തോളം നീണ്ടുനിന്ന പ്രചാരണ കോലാഹലങ്ങൾക്ക് പരിസമാപ്തി കുറിച്ച് ഇന്നലെ നടന്ന ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പിൽ നിലവിലെ ഭാരവാഹികൾ നേതൃത്വം നൽകുന്ന സഖ്യത്തിന് വൻവിജയം. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള മൂന്ന് എപ്പെക്സ് സംഘടനകളിലും നിലവിലെ പ്രസിഡന്റുമാർക്ക് വീണ്ടും രണ്ടാമൂഴം.
വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 6 വരെ നടന്ന ഓൺലൈൻ വോട്ടെടുപ്പിൽ പതിനായിരത്തോളം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) പ്രസിഡന്റുമാരായി യഥാക്രമം എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി അബ്ദുൽ റഹ്മാൻ എന്നിവരെ തന്നെ തിരഞ്ഞെടുത്തു.
ഐ.സി.ബി.എഫിൽ നിലവിലെ പ്രസിഡന്റായ ഷാനവാസ് ബാവ 1,558 വോട്ടിന്റെ ലീഡിൽ എതിർ സ്ഥാനാർഥി സാബിത് സഹീറിനെ പരാജയപ്പെടുത്തി. ആകെ പോൾ ചെയ്ത 6,203 വോട്ടിൽ 3,856 വോട്ടും നേടിയാണ് ഷാനവാസ് ബാവ വിജയിച്ചത്. തുടർച്ചയായ രണ്ടാം തവണയും ഷാനവാസ് ബാവക്കെതിരെ എതിർസ്ഥാനത്ത് മത്സരിച്ച സാബിത് സഹീറിന് 2,298 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സിഹാസ് ബാബുവിന് 49 വോട്ട് മാത്രമാണ് ലഭിച്ചത്.
മൂന്നാം തവണയും ഐ.സി.സി പ്രസിഡന്റ് പദവിയിലേക്ക് എത്തിയ എ.പി മണികണ്ഠൻ മികച്ച ലീഡുമായാണ് വിജയം ഉറപ്പിച്ചത് . എതിർ സ്ഥാനാർഥിയായ ഷെജി വലിയകത്തിനെ 523 വോട്ടിന്റെ ലീഡിലാണ് തോൽപിച്ചത്. നിലവിലെ പ്രസിഡന്റ് കൂടിയായ എ.പി മണികണ്ഠൻ 1222 വോട്ട് നേടിയപ്പോൾ, മുൻ ഐ.എസ്.സി ഭാരവാഹിയായ ഷെജി വലിയകത്തിന് 699 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു .
ആകെ പോൾ ചെയ്ത വോട്ടിന്റെ 70 ശതമാനവും സ്വന്തമാക്കിയാണ് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് പദവിയിൽ ഇ.പി അബ്ദുൽറഹ്മാൻ വീണ്ടും എത്തുന്നത്. ഇ പി അബ്ദുറഹ്മാന്റെ ഭൂരിപക്ഷം 662. ഇ.പി അബ്ദുൽ റഹ്മാന് 1155 വോട്ടും, എതിരാളിയായ ആഷിഖ് അഹമ്മദിന് 493 വോട്ടുമാണുള്ളത്.
എപ്പെക്സ് സംഘടനകളും ജേതാക്കളും:
ഐ.സി.ബി.എഫ്
പ്രസിഡന്റ്: ഷാനവാസ് ബാവ (3856 വോട്ട്). മാനേജിങ് കമ്മിറ്റി അംഗങ്ങൾ: ദീപക് ഷെട്ടി (3868), ജാഫർ തയ്യിൽ (3781), നിർമല ഗുരു (3533), റഷീദ് അഹമ്മദ് (3421). എ.ഒ പ്രതിനിധി: നിസാമുദ്ദീൻ ഖാജ.
ഐ.സി.സി
പ്രസിഡന്റ്: എ.പി മണികണ്ഠൻ (1222 വോട്ട്).മാനേജിങ് കമ്മിറ്റി അംഗങ്ങൾ: എബ്രഹാം ജോസഫ് (1295), നന്ദിനി അബ്ബഗൗനി (1218), അഫ്സൽ അബ്ദുൽ മജീദ് (1096), ശാന്താനു ദേശ്പാണ്ഡേ (1088). എ.ഒ പ്രതിനിധികൾ: പ്രദീപ് പിള്ളൈ, രവീന്ദ്ര പ്രസാദ് സുബ്രമണ്യൻ, സന്ദീപ് ശ്രീറാം റെഡ്ഡി.
ഐ.എസ്.സി
പ്രസിഡന്റ്: ഇ.പി അബ്ദുൽറഹ്മാൻ (1155 വോട്ട്). മാനേജിങ് കമ്മിറ്റി അംഗങ്ങൾ: അബ്ദുൽ ബഷീർ തുവാരിക്കൽ (1257), ഹംസ യൂസുഫ് (1224), കവിത മഹേന്ദ്രൻ (1146), ദീപക് ചുക്കാല (1117). എ.ഒ പ്രതിനിധി: അബ്ദുൽ അസീം.

