ന്യൂഡൽഹി: വിനോദ് ധാം, അജയ് വി ഭട്ട്, നിതിൻ നോഹ്‌റിയ, സേതുരാമൻ പഞ്ചനാഥൻ എന്നീ നാല് ഇന്ത്യൻ അമേരിക്കക്കാർക്ക് ഈ വർഷത്തെ പത്മ പുരസ്‌കാരം നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി, വ്യത്യസ്തമായ വിഷയങ്ങളിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങളെയും സേവനത്തെയും അംഗീകരിക്കുന്നതാണ്.
“പെൻ്റിയം ചിപ്പിൻ്റെ പിതാവ്” എന്നറിയപ്പെടുന്ന വിനോദ് ധാമിന് പത്മഭൂഷൺ നൽകി ആദരിച്ചപ്പോൾ മറ്റ് മൂന്ന് പേർക്ക് പത്മശ്രീ നൽകി.
മൈക്രോപ്രൊസസർ സാങ്കേതികവിദ്യയിലെ മികച്ച സംഭാവനകൾക്ക് വിനോദ് ധാം നിരവധി അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിഇ ബിരുദം നേടിയ അദ്ദേഹം, പോക്കറ്റിൽ കേവലം 8 ഡോളർ മാത്രം വെച്ച് എംഎസ് ബിരുദത്തിനായി അമേരിക്കയിലെത്തിയ അദ്ദേഹം സിലിക്കൺ വാലിയിലെ പ്രഗല്ഭ സാങ്കേതികവിദഗ്ധരിൽ പ്രഥമഗണനീയനാണ്.
ചെന്നൈയിൽ ജനിച്ചു വളർന്ന സേതുരാമൻ പഞ്ചനാഥൻ യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ്റെ ഡയറക്ടറാണ്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ബിരുദം നേടി, മദ്രാസിലെ ഐഐടിയിൽ നിന്ന് എംടെക് ബിരുദം നേടി, തുടർന്ന് 1989-ൽ ഒട്ടാവ സർവകലാശാലയിൽ പിഎച്ച്ഡി നേടി. ഒട്ടാവ സർവകലാശാലയിൽ അധ്യാപകനായി ജോലിയാരംഭിച്ച് പിന്നീട് അവിടെ അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. 2009-ൽ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിൽ ചീഫ് റിസർച്ച് ഓഫീസറായി നിയമിതനായി.
വഡോദരയിൽ ജനിച്ച അജയ് വി ഭട്ട്, യൂണിവേഴ്സൽ സീരിയൽ ബസിൻ്റെ (USB) സൃഷ്ടിയുടെ പിന്നിലെ കമ്പ്യൂട്ടർ ആർക്കിടെക്റ്റ് ആണ്. ഈ കണ്ടുപിടുത്തം ആഗോള കണക്റ്റിവിറ്റിയിൽ വിപ്ലവം സൃഷ്ടിച്ചു. നിലവിൽ ഇൻ്റൽ സീനിയർ ഫെലോ ആയ അദ്ദേഹം കമ്പ്യൂട്ടിംഗിലും ഇന്നൊവേഷനിലും ഉള്ള സാങ്കേതിക മുന്നേറ്റങ്ങൾ തുടരുന്നു. ന്യൂയോർക്കിലെ സിറ്റി കോളേജിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.
രാജസ്ഥാനിൽ നിന്നുള്ള പ്രശസ്ത മാനേജ്‌മെൻ്റ് പണ്ഡിതനായ നിതിൻ നോഹ്‌റിയ ഹാർവാർഡ് ബിസിനസ് സ്‌കൂളിൻ്റെ (എച്ച്ബിഎസ്) പത്താമത്തെ ഡീനായി സേവനമനുഷ്ഠിച്ചു. ഇൻ്റർനെറ്റ്, സോഫ്റ്റ്‌വെയർ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ത്രൈവ് ക്യാപിറ്റലിൻ്റെ പങ്കാളിയും എക്‌സിക്യൂട്ടീവ് ചെയർമാനുമായി നോഹ്‌റിയ പ്രവർത്തിച്ച് വരുന്നു. 2019-ൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന എച്ച്ബിഎസ് ഡീൻ എന്ന നിലയിൽ അദ്ദേഹം വാർത്തകളിൽ ഇടംനേടിയിരുന്നു.