നോര്‍ക്ക പി.‍ഡി.ഒ.പി ശില്‍പശാലകള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (PDOP) ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ശിൽപ്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി നിര്‍വ്വഹിച്ചു. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻ്റാണ് (സി.എം.ഡി) സംഘാടകർ. തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജിൽ നടന്ന പി.‍ഡി.ഒ.പി ശില്‍പശാലയില്‍ പ്രിൻസിപ്പൽ പ്രൊഫ. ശ്രീദേവി അമ്മ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി. ജോസഫ്, സി.എം.ഡി അസ്സേസിയേറ്റ് പ്രൊഫസര്‍, പി.ജി. അനിൽ എന്നിവര്‍ സംസാരിച്ചു. സി.എം.ഡി പ്രോജക്ട് ഓഫീസർ സ്മിത ചന്ദ്രൻ കെ.വി, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ പ്രതിനിധി ശ്രീജ ഉണ്ണി എന്നിവർ ക്ലാസുകൾ നയിച്ചു. ചടങ്ങില്‍ ജയറാണി ആർ.എസ് സ്വാഗതവും ജാസ്മിൻ എം.ബി നന്ദിയും പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ ഉദ്യോഗത്തിനോ, ഉപരിപഠനത്തിനോ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമപരവും സാംസ്കാരികവുമായ കാര്യങ്ങളും സുരക്ഷിതമായ കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനാണ് ശില്‍പശാല. പൊതുനിയമവ്യവസ്ഥകൾ, വിദേശ സംസ്കാരം, ജീവിതരീതികൾ, തൊഴിൽ നിയമങ്ങൾ, വിസ സ്റ്റാമ്പിങ്, തൊഴിൽ കുടിയേറ്റ നടപടികൾ എന്നിവയെല്ലാം പരിശീലനത്തിൻറെ വിഷയമായി. അക്കാദമിക് യോഗ്യതകൾ, സർട്ടിഫിക്കേഷനുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, ആവശ്യമായ പൊതു രേഖകൾ, തൊഴിൽ സാധ്യതകൾ എന്നിവ പരിശീലനപരിപാടിയുടെ ഭാഗമായി വിശദീകരിച്ചു. സുരക്ഷിതമായ കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ തട്ടിപ്പുകളെക്കുറിച്ച് അവബോധം നല്‍കുന്നതിനുമായാണ് നോര്‍ക്ക റൂട്ട്‌സ് പ്രീ- ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *