പ്രവാസികൾക്കടക്കമുള്ളവർക്ക് വൻ തിരിച്ചടി; ഇനി വാഹനം നിരത്തിലിറക്കണോയെന്ന് രണ്ടുവട്ടം ചിന്തിക്കേണ്ടി വരും

അബുദാബി: പ്രവാസികൾക്കടക്കമുള്ളവർക്ക് തിരിച്ചടിയായി യുഎഇയിൽ ഫെബ്രുവരി മുതൽ ഇന്ധനവില വർദ്ധിക്കുമെന്ന് വിവരം. ആഗോള എണ്ണവില ജനുവരിയിൽ ബാരലിന് 81 ഡോളർ വർദ്ധിച്ച സാഹചര്യത്തിലാണ് യുഎഇയിലും പെട്രോൾ വില ഉയരുന്നതെന്നാണ് വിലയിരുത്തൽ. താരിഫുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളിലെ അനിശ്ചിതത്വവും റഷ്യൻ ക്രൂഡ് കയറ്റുമതിയിലെ യുഎസ് ഉപരോധങ്ങളുമാണ് ആഗോളതലത്തിൽ ഇന്ധനവിലക്കയറ്റത്തിന് കാരണമായത്.

കഴി‌‌ഞ്ഞ ഡിസംബറിൽ ബ്രെന്റ് ഓയിലിന് ബാരലിന് 73 ഡോളറായിരുന്നത് ജനുവരിയിൽ 77.55 ഡോളറായി ഉയർന്നിരുന്നു. ഈ മാസം യുഎഇയിൽ സൂപ്പർ 98, സ്‌പെഷ്യൽ 95, ഇ- പ്ളസ് പെട്രോളുകളുടെ നിരക്ക് ലിറ്ററിന് 2.61 ദിർഹം, 2.50 ദിർഹം, 2.43 ദിർഹം എന്നിങ്ങനെയായി ഉയർന്നിരുന്നു. ലിറ്ററിന് 2.68 ദിർഹമായിരുന്നു ഡീസലിന്റെ വില.

ഇന്നലെ ഉച്ചവരെ ഡബ്ല്യുടിഐ (വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ്) ഓയിൽ ബാരലിന് 0.3 ശതമാനം ഉയർന്ന് 73.99 ഡോളറിലാണ് വ്യാപാരം നടത്തിയത്. ബ്രെന്റ് ഓയിൽ 0.17 ശതമാനം ഉയർന്ന് 77.62 ഡോളറിലുമെത്തി. യുഎസിന്റെ പുതിയ ഉപരോധങ്ങൾ റഷ്യൻ എണ്ണ കയറ്റുമതിയെ സാരമായി ബാധിക്കും. ഇത് ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി കേന്ദ്രമായ ചൈനയെയും മൂന്നാമത് ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയെയും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ നിർബന്ധിതരാക്കുമെന്നും ഇത് വിലയും ഷിപ്പിംഗ് ചെലവും വർദ്ധിപ്പിക്കുമെന്നും വ്യാപാരികളും മറ്റ് വിദഗ്ദ്ധരും വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *