ഖത്തർ എയർവേയ്സിനെ വലംവച്ച് യുദ്ധ വിമാനങ്ങൾ; വീഡിയോ കണ്ട് ഞെട്ടി ലോകം, ആരാണ് ആ യാത്രക്കാരൻ

മസ്‌കറ്റ്: ഖത്തർ എയർവേയ്സ് വിമാനം പറക്കുന്നു. ചുറ്റിലും വലം വച്ച് യുദ്ധവിമാനങ്ങൾ ചീറിപ്പറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോ കണ്ട് ലോകം ഞെട്ടി. വിമാനത്തിന് സുരക്ഷ ഒരുക്കുന്നതാണോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്നതടക്കം പലരും ചിന്തിച്ചു. എന്നാൽ വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പ് ശ്രദ്ധിച്ചതോടെയാണ് എല്ലാവർക്കും കാര്യം മനസിലായത്.

ഖത്തർ അമിർ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ വിമാനം ഒമാനി വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ യുദ്ധവിമാനങ്ങൾ അനുഗമിക്കുന്നതായിരുന്നു വീഡിയോയിൽ. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഖത്തർ അമീർ ഒമാൻ സന്ദർശനത്തിനായി എത്തിയത്. ഖത്തർ അമീറിന് ഒമാൻ നൽകിയ രാജകീയ വരവേൽപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ക്ഷണം സ്വീകരിച്ചാണ് ഖത്തർ അമീർ എത്തിയത്. ഒമാൻ സുൽത്താനേറ്റായ മസ്‌കറ്റിലെ അൽ ആലം കൊട്ടാരത്തിൽ എത്തിയ അമീർ എച്ച്എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് വലിയ സ്വീകരണമാണ് ഒമാൻ സുൽത്താനേറ്റ് നൽകിയത്. അമീറിന്റെ വാഹനവ്യൂഹം മസ്‌കറ്റ് ഗേറ്റിൽ നിന്ന് അൽ ആലം പാലസിലേക്ക് പ്രവേശിച്ചതോടെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങുകൾ ആരംഭിച്ചത്.

സൈനിക, സാംസ്‌കാരിക, സംഗീത പരിപാടികൾ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഒമാനി പൈതൃകം വിളിച്ചോതുന്ന ഒട്ടക, കുതിരപ്പട ടീമുകളും നാടൻ കലകളും ഖത്തർ അമീറിനെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. ഖത്തർ അമീറിനെ സ്വാഗതം ചെയ്യാൻ റോയൽ ആർട്ടിലറി ആകാശത്തേക്ക് 21 റൗണ്ട് വെടിയുതിർത്തു. ഇതോടൊപ്പം അൽ ആലം കൊട്ടാരത്തിൽ അമീർ എത്തിയപ്പോൾ ഖത്തർ സംസ്ഥാനത്തിന്റെ ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *