പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം കൊല്ലത്ത് പ്രതിഷേധ പ്രകടനം നടത്തി

കൊല്ലം: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീത രാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രവാസികളെ പാടെ അവഗണിച്ചിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ആർ. ശ്രീകൃഷ്ണ പിള്ള. പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനോ പുനരധിവാസത്തിനോ ഒരു ചില്ലി പൈസ ഈ ബഡ്ജറ്റിലും വകയിരുത്തിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 120 ബില്യൺ യുഎസ് ഡോളറാണ് പ്രവാസി ഇന്ത്യക്കാരുടെ വകയായി നമ്മുടെ രാജ്യത്തെത്തിയത്, അതായത് ഏകദേശം10 ലക്ഷത്തി നാല്പത്തി അയ്യായിരം കോടി രൂപ ഇത്തരത്തിൽ നാടിന്റെ സമ്പദ്ഘടനയെ താങ്ങി നിർത്തുന്ന പ്രവാസികളോടാണ് കാലങ്ങളായി അനീതി തുടർന്നു വരുന്നത്. കേന്ദ്ര ഗവൺമെന്റ് പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ ഒന്നും നടപ്പിലാക്കുന്നില്ല എന്ന് മാത്രമല്ല കേരളത്തിൽ പ്രവാസികൾക്കു വേണ്ടി നിലവിലുള്ള ക്ഷേമ പദ്ധതികൾക്കു സഹായം അനുവദിക്കണമെന്ന പ്രവാസി സംഘത്തിന്റെ കാലങ്ങളായ ആവശ്യം നിരന്തരം കേന്ദ്രം അവഗണിക്കുകയാണ്. അതുപോലെ തന്നെ കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണോ എന്ന് സംശയിപ്പിക്കുന്ന തരത്തിൽ കേരളത്തിന്റെ ഒരാവശ്യവും അംഗീകരിച്ചിട്ടില്ല മാത്രമല്ല ബഡ്ജറ്റിൽ കേരളത്തെ തീർത്തും അവഗണിക്കുകയാണ് ചെയ്തത്.

ചിന്നക്കട റസ്റ്റ്‌ ഹൗസിന്റെ മുന്നിൽ നിന്നും ആരംഭിച്ച് പ്രകടനം ടൌൺ ചുറ്റി ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ആർ. ശ്രീകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം കൊല്ലം ജില്ലാ ട്രഷറർ സി. അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഡെസ്‌തകീർ സ്വാഗതവും ജില്ലാ
എക്സിക്യൂട്ടീവ് അംഗം രാജു രാഘവൻ നന്ദിയും രേഖപ്പെടുത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ കുളങ്ങര, എക്സിക്യൂട്ടീവ് അംഗങ്ങളായ സുൽബത്, സന്തോഷ്‌ മനവം, മാത്യു, ഐഷാഭായി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *