കൽപറ്റ: പ്രവാസി സമൂഹത്തെ പാടെ അവഗണിച്ച് കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ: സരുൺ മാണി ധർണ്ണ ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് കനത്ത സംഭാവന നൽകുന്ന പ്രവാസി സമൂഹത്തെ അവഗണിച്ചത് അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിനും, വന്യമൃഗശല്യം പരിഹരിക്കുന്നതിനും തുകനീക്കിവെക്കാത്തത് സംസ്ഥാനത്തോടുള്ള അവഗണയാണ്. അമേരിക്കയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ വിലങ്ങണിയിച്ച് യുദ്ധവിമാനത്തിൽ നാടുകടത്തിയത്തിനെതിരെ ഒരക്ഷരം മിണ്ടാതെ അമേരിക്കയെ ന്യായീകരിക്കുന്ന കേന്ദ്രസർക്കാർ നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പഞ്ചാര അഭിവാദ്യം ചെയ്തു. വൈസ് പ്രസിഡന്റ് കെ ടി അലി സ്വാഗതവും, ട്രഷറർ സി കെ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.