തിരുവനന്തപുരം: സംസ്ഥാനത്തുനിന്നും വിദേശത്തേയ്ക്കുള്‍പ്പെടെയുളള തൊഴില്‍ കുടിയേറ്റവും വിദ്യാര്‍ത്ഥി കുടിയേറ്റവും സുരക്ഷിതമാക്കുന്നതിനൊപ്പം തിരിച്ചെത്തുന്ന പ്രാവാസികളുടെ പുനരധിവാസമുള്‍പ്പെടെയുളള നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയസഭയില്‍ അവതരിപ്പിച്ച ബജറ്റെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നോര്‍ക്കക്ക് ആകെ 150.81 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഇത് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേയ്ക്കാള്‍ അധികമാണ്. പ്രവാസി പുനരധിവാസത്തിന് 77.50 കോടി രൂപയും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായിക്കുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിക്ക് 25 കോടി രൂപയും ഉള്‍പ്പെടെയാണിത്.
ലോകത്തെമ്പാടുമുളള പ്രവാസികേരളീയരുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്ന ലോകകേരള കേന്ദ്രത്തിന് അഞ്ച് കോടി രൂപയും, ഹൈദരാബാദിൽ കേരളാഹൗസ് സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപയും, പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുളള നാട് സന്ദർശന പരിപാടികൾക്ക് പ്രത്യേക ഇൻസെന്‍റീവ് പ്രഖ്യാപിച്ചതും, ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്ക് യാത്രാകപ്പലുകളും ക്രൂയിസ് കപ്പലുകളും ഉല്ലാസനൗകകളും ആകര്‍ഷിക്കുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി 10 കോടി രൂപയും വകയിരുത്തിയത് പ്രവാസി കേരളീയര്‍ക്കുളള അംഗീകാരമാണ്.
സീപ്ലെയിൻ, ടൂറിസം ഹെലിപ്പോർട്ടുകൾ, ചെറിയ വിമാനത്താവളങ്ങൾ, വ്യവസായഭൂമി കൈമാറ്റത്തിനുളള ‘KLICK’, സംസ്ഥാനത്തെ ദേശീയപാതകള്‍ ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യ വികസനത്തിനായുളള നടപടികളും സംരംഭക സൗഹൃദപദ്ധതികളും പ്രവാസികള്‍ക്കും പ്രവാസിനിക്ഷേപത്തിനും സഹായിക്കുന്നതാണെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കരിയർ ഗൈഡൻസ് സെല്ലുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സുരക്ഷിത കുടിയേറ്റത്തിന് സഹായകരമാകുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും അഭിപ്രായപ്പെട്ടു.
റവന്യൂ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന റവന്യൂ പോർട്ടലും (26.50 കോടി രൂപ) ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സുരക്ഷയും പരിപാലനവും ഉറപ്പു വരുത്തുന്നതിനൊപ്പം വരുമാനവും ഉറപ്പാക്കുന്ന കെ-ഹോംസ് പദ്ധതിയും, വയോജനസൗഹൃദ കേരളം പദ്ധതി, മുതിർന്ന പൗരന്മാര്‍ക്ക് സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്ന ന്യൂ ഇന്നിംഗ്സ് പ്രോഗ്രാമെന്നിവ പ്രവാസികള്‍ക്കും പ്രയോജനകരമാകുമെന്നും അജിത് കോളശ്ശേരി പറഞ്ഞു. കേരളീയ പ്രവാസി കേരളീയ ക്ഷേമബോര്‍ഡിന് 23 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.