അബുദാബി: യുഎഇയിലെ പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് പുതുക്കൽ നടപടിക്രമങ്ങൾ സുതാര്യമാക്കി അബുദാബി ഇന്ത്യൻ എംബസി. പാസ്പോർട്ടിന് അപേക്ഷിക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെ ഓരോ സേവനത്തെക്കുറിച്ചുമുള്ള വിശദാംശങ്ങൾ എംബസി പ്രസിദ്ധീകരിച്ചു. നടപടിക്രമങ്ങളും അവ പൂർത്തിയാക്കാൻ എടുക്കുന്ന കാലയളവും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
സാധാരണ പാസ്പോർട്ട് പുതുക്കൽ, തത്കാൽ പാസ്പോർട്ട് പുതുക്കൽ, പ്രീമിയം സേവനം എന്നിവയുമായി ബന്ധപ്പെട്ടാണ് വിശദീകരണം. അപേക്ഷകർക്ക് വ്യക്തിപരമായ പരിഗണനയും സഹായവും ഓഫിസിലെ അധിക സൗകര്യങ്ങളും ലഭ്യമാക്കുന്ന പ്രീമിയം സർവീസിന് അധിക നിരക്ക് ഈടാക്കും. പാസ്പോർട്ട് പെട്ടെന്ന് പുതുക്കേണ്ടവർ തത്കാൽ സേവനമാണ് പ്രയോജനപ്പെടുത്തേണ്ടതെന്നും എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും വ്യക്തമാക്കുന്നു.
അപേക്ഷകൾ ബിഎൽഎസ് വഴി
പുറംസേവന കരാർ കമ്പനിയായ ബിഎൽഎസ് ഇന്റർനാഷനൽ വഴിയാണ് പാസ്പോർട്ടിന് അപേക്ഷിക്കേണ്ടത്. പ്രീമിയം സേവനം ആവശ്യമുള്ളവർ വെബ്സൈറ്റ് മുഖേന മുൻകൂട്ടി ബുക്ക് ചെയ്യണം. ബിഎൽഎസ് ഉദ്യോഗസ്ഥർ പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്ത്യൻ എംബസിക്കോ കോൺസുലേറ്റിനോ കൈമാറുന്നു. അപേക്ഷകന്റെ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ച ശേഷം പുതുക്കി നൽകും.
തത്കാൽ പാസ്പോർട്ട് അപേക്ഷകർക്ക് മുൻകൂർ അപ്പോയിൻമെന്റ് ആവശ്യമില്ല. ഇവർ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്തിയാൽ മതിയെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. ബിഎൽഎസ് കേന്ദ്രങ്ങളിൽ തത്കാൽ അപേക്ഷകർക്കായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
പുതുക്കലിന് പൊലീസ് ക്ലിയറൻസ്
പാസ്പോർട്ട് പുതുക്കുന്നതിന് ഇന്ത്യയിൽനിന്നുള്ള പൊലീസ് ക്ലിയറൻസ് ആവശ്യമാണ്. ക്ലിയറൻസ് ലഭിക്കുന്നതിനുള്ള കാലതാമസം അനുസരിച്ചായിരിക്കും പാസ്പോർട്ട് പുതുക്കി നൽകുക. സാധാരണ അപേക്ഷകളിൽ പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നതിന് മുൻപും അടിയന്തര സേവനമായ തത്കാൽ പാസ്പോർട്ട് അപേക്ഷകളിൽ ഇഷ്യൂ ചെയ്തതിനു ശേഷവുമാണ് പൊലീസ് ക്ലിയറൻസ് എടുക്കുക. തത്കാൽ പാസ്പോർട്ടിന് രാവിലെ അപേക്ഷിച്ചാൽ വൈകിട്ടോ പിറ്റേ ദിവസമോ ലഭിക്കും. എന്നാൽ സാധാരണ പാസ്പോർട്ടും പ്രീമിയം പാസ്പോർട്ടും മൂന്നോ നാലോ പ്രവൃത്തി ദിവസങ്ങൾക്കകമാണ് ലഭിക്കുക.
പ്രീമിയം സർവീസിന് അധികനിരക്ക്
പാസ്പോർട്ട്/ വീസ അപേക്ഷകരിൽ വ്യക്തിഗത സേവനം ആവശ്യമുള്ള പ്രീമിയം സർവീസുകാർ വാറ്റ് ഉൾപ്പെടെ 236.25 ദിർഹം അധികം നൽകണം. സാധാരണ ഫീസിന് പുറമേയാണിത്. ഇവരിൽനിന്ന് അപേക്ഷ പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, എസ്എംഎസ് അറിയിപ്പ്, കുറിയർ സേവനം തുടങ്ങിയവയ്ക്കും പ്രത്യേക നിരക്കു ഈടാക്കും.
പാസ്പോർട്ട് നിരക്ക്
പൊതുനിരക്കുകൾ
∙ 36 പേജുള്ള പാസ്പോർട്ടിന് 285 ദിർഹം
∙ 60 പേജ് ജംബോ പാസ്പോർട്ടിന് 380 ദിർഹം
∙ തത്കാൽ (36 പേജ്) 855 ദിർഹം
∙ തത്കാൽ (60 പേജ്) 950 ദിർഹം
മറ്റു സേവന നിരക്ക്
∙ സർവീസ് ചാർജ് 9 ദിർഹം
∙ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് 8 ദിർഹം
∙ പ്രീമിയം സർവീസ് അധിക നിരക്ക് 236.25 ദിർഹം