ദുബായ്: ലോകസഞ്ചാരികളുടെ ഇഷ്ടഇടമായ ദുബായിലൊരു ബൈക്ക് റൈഡ്. വിദൂര സ്വപ്നത്തില്‍ മാത്രമുണ്ടായിരുന്ന ആ ആഗ്രഹം സഫലമാകാന്‍ ഒരു അവസരം വന്നപ്പോള്‍ മറ്റൊന്നും നോക്കിയില്ല, സ്വപ്നത്തിന്റെ ഗിയറില്‍ ചവിട്ടി ആഗ്രഹത്തിന്റെ ആക്സിലറേറ്ററിലേറി സനീദ് കടല്‍കടന്നു, ബുർജ് ഖലീഫ തുടങ്ങി യുഎഇയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെ ബൈക്കില്‍ യാത്ര നടത്തിയതിന്റെ ത്രില്ലിലാണ് കണ്ണൂർ പരിപ്പായി സ്വദേശിയായ സനീദ്.
മലയാളി ഡാ..വൈറല്‍ വിഡിയോ പിറന്ന വഴി
വാഗാ ബോർഡറില്‍ ഒറ്റചക്രസൈക്കിളില്‍ സവാരി നടത്തുന്ന പയ്യന്‍സ്. നമ്മുടെ കാഴ്ചകളിലൂടെ കടന്നുപോയ, സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ വിഡിയോ സനീദിന്റേതാണ്. കന്യാകുമാരിയില്‍ നിന്ന് കശ്മീർ വരെ ഒറ്റചക്രസൈക്കിളില്‍ യാത്ര നടത്തിയിട്ടുണ്ട്. ആ യാത്രയുടെ ഭാഗമായി 2024 ഓഗസ്റ്റ് 13 നായിരുന്നു വാഗ അതിർത്തിയില്‍ എത്തിയത്. സുഹൃത്താണ് അത്തരത്തിലൊരു അവസരമൊരുക്കിയത്. അങ്ങനെ ഒറ്റചക്രസൈക്കളില്‍ സനീദ് നടത്തിയ യാത്ര ആരോ മൊബൈലില്‍ പകർത്തി, അങ്ങനെയാണ് അത് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ഒറ്റചക്രസൈക്കിള്‍ യാത്രയെന്ന ആശയം
സിവില്‍ എഞ്ചിനീയറിങ്-ഇന്റീരിയർ ഡിസൈനിങ് പൂർത്തിയാക്കി ജോലി ചെയ്തിരുന്നു സനീദ്. ഇതിനിടെ കോയമ്പത്തൂരില്‍ ഒരു സ്ഥാപനത്തില്‍ പി എ ജോലി ചെയ്യുന്ന സമയത്താണ് ഇത്തരത്തിലൊരു ആശയം മനസ്സിലേക്ക് വന്നത്. ആദ്യം കേരളത്തിലാണ് ഒറ്റചക്രസൈക്കിളില്‍ യാത്ര നടത്തിയത്. ഇന്ത്യയില്‍ ഉടനീളം യാത്ര ചെയ്യുകയെന്നുളളത് അത്ര എളുപ്പമല്ലായിരുന്നു. സാമ്പത്തികമായും പിന്തുണ ആവശ്യമായിരുന്നു.
40 ഓളം കമ്പനികളെ സ്പോണ്‍സർഷിപ്പിനായി സമീപിച്ചുവെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. കൈയ്യിലുളള പണം ഉപയോഗിച്ച് യാത്ര തുടങ്ങി. സുഹൃത്തുക്കള്‍ സഹായിച്ചു. ബൈക്ക് വിറ്റും പണം കണ്ടെത്തി. മംഗലാപുരത്ത് എത്തിയ സമയത്താണ് സൗദിയിലുളള സ്ഥാപനമായ സ്പോണ്‍സർഷിപ്പ് നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. ജാക് ജനറേഷന്റെ ആ സ്പോണ്‍സർഷിപ്പ് യാത്ര തുടരാന്‍ വലിയ സഹായമായി.
14 വയസ്സുമുതലുളള സ്റ്റണ്ടിങ്
സഹോദരന്‍മാരായ സജാദും സവാദും ബൈക്ക് സ്റ്റണ്ട് ചെയ്യുന്നവരാണ്. സ്റ്റണ്ട് സ്കൂളുമുണ്ടായിരുന്നു. 14 വയസ്സുമുതല്‍ സ്റ്റണ്ട് പരിശീലനമുണ്ട് സനീദിന്. അപകടമുണ്ടാകാന്‍ സാധ്യതകൂടുതലുളള വിനോദമായതുകൊണ്ടുതന്നെ സനീദിന്റെ ബൈക്ക് സ്റ്റണ്ടിന് അത്ര അനുകൂലമായിരുന്നില്ല കുടുംബം.
ബൈക്ക് സ്റ്റണ്ട് ചെയ്യുന്നത് കണ്ട്, ഇവന് വേറെ പണിയൊന്നുമില്ലേയെന്നും ലഹരിമരുന്ന് ഉപയോഗിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നുമൊക്കെയുളള അഭിപ്രായങ്ങള്‍ പലരില്‍ നിന്നും കേട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് കന്യാകുമാരി മുതല്‍ കശ്മീർ വരെയുളള യാത്ര സെ നോ ടു ഡ്രഗ്സ് എന്ന സന്ദേശം നല്‍കിയാകണമെന്ന് തീരുമാനിച്ചതും, സനീദ് പറഞ്ഞു. 2023 ഡിസംബറില്‍ തുടങ്ങിയ യാത്ര 2024 ഡിസംബറിലാണ് അവസാനിച്ചത്. തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍,ഹരിയാന, ഡല്‍ഹി, താജ്മഹല്‍, പഞ്ചാബ്, കശ്മീർ കടന്ന് ലഡാകിലെ ഉംലിഗാ ലാ വരെ 5000 കിലോമീറ്ററാണ് യാത്രചെയ്തത്. തുടക്കത്തില്‍ സഹായത്തിനായി രണ്ട് പേരുകൂടിയുണ്ടായിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായതിനാല്‍ അവർ മടങ്ങി. രാജസ്ഥാന്‍ മുതല്‍ ലഗേജുള്‍പ്പടെ സൈക്കിളില്‍ വച്ച് ഒറ്റയ്ക്കായിരുന്നു യാത്ര. ദിവസം ശരാശരി 60 മുതല്‍ 70 കിലോമീറ്റർ യാത്ര ചെയ്തു. ചില ദിവസങ്ങളില്‍ 100 കിലോമീറ്റർ വരെ യാത്ര ചെയ്തു. രാത്രിയില്‍ ടെന്റ് കെട്ടിയും പെട്രോള്‍ പമ്പിലുമെല്ലാമായിരുന്നു ഉറക്കവും വിശ്രമവും.
ദുബായ് എന്ന വലിയ സ്വപ്നം
ദുബായില്‍ ബൈക്കോടിക്കുകയെന്നുളളത് വലിയ ആഗ്രഹമായിരുന്നു. ഇന്ത്യയില്‍ നിന്ന് ഈ യാത്രയ്ക്കായി മാത്രം യുഎഇയിലെത്തി നാല് വനിതകള്‍ ഉള്‍പ്പടുന്ന എട്ടംഗസംഘത്തിലൊരാളായിരുന്നു സനീദ്. ജനുവരി 31ന് റോയല്‍ എന്‍ഫീല്‍ഡ് ജിടി 650 യില്‍ ആരംഭിച്ചയാത്ര ദുബായ്, ഷാർജ, ഫുജൈറ, അബുദാബി എമിറേറ്റുകളിലൂടെ കടന്ന് പോയി ഫെബ്രുവരി നാലിനാണ് അവസാനിച്ചത്.
സ്വപ്നത്തിലെത്തിയ സന്തോഷമായിരുന്നു ബുർജ് ഖലീഫയില്‍ കയറിയപ്പോള്‍ തോന്നിയത്. സൈക്കിള്‍ റൈഡിന് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് യുഎഇ. ദുബായിലുടനീളം സൈക്കിള്‍ ട്രാക്കുളളത് അത്ഭുതപ്പെടുത്തി. ഇനിയും ഇവിടേക്ക് വരണം. ബൈക്ക് സ്റ്റണ്ടിങ്ങിനും സൈക്കിള്‍ റൈഡിനുമെല്ലാം ജോലി സാധ്യതയുളള രാജ്യം കൂടിയാണ് യുഎഇ.
ബൈക്ക് റൈഡേഴ്സിനെ ബഹുമാനിക്കുന്നവരാണ് ഇവിടെയുളളത്. യാത്രയ്ക്കിടെ നിരവധി പേർ അടുത്തെത്തി ആശംസകള്‍ അറിയിച്ചു. ഇവിടെ ജോലി ലഭിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും സനീദ് പറയുന്നു. യുഎഇയിലെ ടൂർസ് ആൻഡ് ട്രാവല്‍സ് കമ്പനിയായ ഡെസ്റ്റിനാരോയുമായി സഹകരിച്ചാണ് റോയൽ എൻഫീൽഡിന്റെ ഇന്ത്യയിലെ ഒഫിഷ്യൽ റെന്റൽ പാർട്ണർ ആയ റൈഡ് ഓണ്‍ ഇത്തരത്തിലൊരു വിനോദയാത്ര ഒരുക്കിയത്.
ഇനി ലക്ഷ്യം ലക്ഷദ്വീപ്
ഒറ്റസൈക്കിള്‍ യാത്രയുടെ അടുത്ത ലക്ഷ്യം ലക്ഷദ്വീപാണ്. അതിനായുളള തയാറെടുപ്പുകള്‍ പൂർത്തിയായി. കൊച്ചിയില്‍ നിന്ന് ഫ്ലൈറ്റില്‍ ലക്ഷദ്വീപെത്തി, ഒറ്റസൈക്കിളില്‍ അവിടെ യാത്ര ചെയ്യുകയെന്നുളളതാണ് ലക്ഷ്യം. അതിന് ശേഷം നേപ്പാളിലേക്കും യാത്രപോണം, സനീദിന്റെ ആഗ്രഹങ്ങളുടെ സൈക്കിള്‍ ഫുള്‍ സ്ലിങ്ങില്‍ യാത്ര തുടരുകയാണ്.