ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ നിർമാണ എക്സിക്യൂട്ടീവിനെ 25 വർഷം തടവിന് ശിക്ഷിച്ച് കോടതി. മദ്യവും കൊക്കെയ്നും ഉപയോഗിച്ച ശേഷം മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിനെ തുടർന്നുള്ള അപകടത്തിൽ കൗമാരക്കാരായ രണ്ട് ടെന്നീസ് താരങ്ങൾ മരിച്ച സംഭവത്തിലാണ് കോടതി വിധി.
അമൻദീപ് സിങ്ങിനെയാണ് ലോങ് ഐലൻഡിലെ മൈൻയോളയിൽ വെള്ളിയാഴ്ച ശിക്ഷിച്ചത്. മരിച്ചത് 14 വയസ്സുള്ള ഈഥൻ ഫാൽകോവിറ്റ്സും ഡ്രൂ ഹാസ്സൻബെയ്നുമാണ്. ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കോടതിയിൽ പ്രതിയെ രോഷാകുലരായി വിമർശിച്ചു.
“എന്റെ നേർക്കുള്ള നിങ്ങളുടെ കോപം പൂർണ്ണമായും മനസ്സിലാക്കുന്നു, അത് തികച്ചും ന്യായമാണ്” ശിക്ഷ വിധിക്കും മുൻപ് അമൻദീപ് സിങ് അവരോട് പറഞ്ഞു.
“ഇതെല്ലാം എന്റെ തെറ്റായിരുന്നു. ഒരു കുട്ടിയെ നഷ്ടപ്പെടുന്നത് ഏറ്റവും വലിയ ദുഃഖമാണ്. ഞാൻ വലിയ പാപം ചെയ്തു. ആരെങ്കിലും മരിക്കേണ്ടിയിരുന്നെങ്കിൽ അത് ഞാനായിരിക്കണം” ജഡ്ജി ഹെലീൻ ഗുഗർട്ടിയോട് പ്രതി പറഞ്ഞു. 36 കാരനായ സിങ് ഒരു നിർമ്മാണ കമ്പനിയിൽ പ്രോജക്റ്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.
ഈഥൻ ഫാൽകോവിറ്റ്സും ഡ്രൂ ഹാസ്സൻബെയ്നും ഒരു മത്സരത്തിൽ വിജയം നേടിയതിനു ശേഷം ആഘോഷം കഴിഞ്ഞ് മടങ്ങുന്ന വേളയിലാണ് അപകടമുണ്ടായത്,.
ചെറുപ്പക്കാർക്കിടയിൽ ടെന്നീസിനെ പ്രോത്സാഹിപ്പിക്കാൻ ഫാൽകോവിറ്റ്സിന്റെ കുടുംബം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്. യുഎസ് ടെന്നീസ് അസോസിയേഷനുമായി സഹകരിച്ച് ഫാൽകോവിറ്റ്സിന്റെ പേരിൽ ഒരു ടെന്നീസ് ടൂർണമെന്റും കുടുംബം നടത്തുന്നുണ്ട്.