ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്‌പോർട്ട്, വീസ (സിപിവി) സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. സിപിവി ഉൾപ്പെടെ വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ഔട്ട്‌സോഴ്‌സിങ് ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ (ആർഎഫ്‌പി) ക്ഷണിച്ചുകൊണ്ട് എംബസി ഉത്തരവിറക്കി.
ഈ മേഖലയിൽ പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ സേവന ദാതാക്കളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചുകൊണ്ട് എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് അവശ്യ സേവനങ്ങൾ എത്തിക്കുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുകയാണ് ഔട്ട്‌സോഴ്‌സിങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഇന്ത്യൻ എംബസി വ്യക്തമാക്കി.
താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രോപ്പസലിനെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാണ്.