ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രമുഖ സംഘടനകൾ ഒന്നിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപെക്സ് ബോഡി തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റ് പദവിയിലെത്തിയ എ.പി. മണികണ്ഠൻ (ഇന്ത്യൻ കൾച്ചറൽ സെന്റർ), ഷാനവാസ് ബാവ (ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം), ഇ.പി. അബ്ദുൽ റഹ്മാൻ (ഇന്ത്യൻ സ്പോർട്സ് സെന്റർ) എന്നിവർ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ പങ്കെടുത്ത് ഈ വിവരം പങ്കുവെച്ചു.
ഐസിസി: പ്രവാസികളുടെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ കൂടുതൽ സജീവമാകും. തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഐസിസിയുടെ ഇന്റർ ക്യാംപ് മത്സരം, കമ്മ്യൂണിറ്റി സ്കൂളിനായുള്ള കൂട്ടായ ശ്രമം എന്നിവയും നടക്കും. ഐസിസി ലൈബ്രറി വിപുലീകരണവും വായനാമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ പറഞ്ഞു.
ഐസിബിഎഫ്: വിദൂര ഭാഗങ്ങളിൽ നടക്കുന്ന ഐസിബിഎഫ് കോൺസുലാർ ക്യാംപുകൾ കൂടുതൽ സജീവമാക്കും. ഐസിബിഎഫ് ലൈബ്രറി വിപുലീകരിക്കും. ഖത്തർ ജയിലുകളിലുള്ള 700 ഓളം ഇന്ത്യക്കാർക്ക് വായനാ സംസ്കാരം വളർത്താൻ പുസ്തകങ്ങൾ എത്തിക്കുന്ന പദ്ധതി തുടരുമെന്ന് ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാബു പറഞ്ഞു. ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ തുടരും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ലഹരി കണ്ടെത്താനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐഎസ്സി: സാധാരണക്കാർക്ക് കൂടുതൽ കായിക സൗകര്യങ്ങൾ ഒരുക്കും. വനിതകൾക്കും കുട്ടികൾക്കും വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ഖത്തറിലെ ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ച് ഇന്റർ സ്കൂൾ കായികമേള നടത്തുമെന്ന് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ പറഞ്ഞു. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഏഷ്യൻ ടൗണിൽ കമ്പവലി, ഖോ-ഖോ, പഞ്ചഗുസ്തി മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പരിപാടിയിൽ ഐ.എം.എഫ് പ്രസിഡന്റ് ഓമനകുട്ടൻ പരുമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഖീഫ് അറക്കൽ സ്വാഗതവും ട്രഷറർ ആർ.ജെ രതീഷ് നന്ദിയും പറഞ്ഞു.