കേരളത്തിലേക്ക് പണം അയയ്ക്കാൻ എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ ‘റെക്കോർഡ്’ വർധന

അബുദാബി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ. വിനിമയ നിരക്കിലെ ബലാബലത്തിൽ ഗൾഫ് കറൻസികൾ കരുത്തുകാട്ടിയപ്പോൾ മൂല്യത്തകർച്ചയിൽ ദിവസേന റെക്കോർഡ് ഇടുകയാണ് രൂപ. അതാണ് പ്രവാസികൾക്ക് അനുകൂലമാകുന്നത്.

ഒരു യുഎഇ ദിർഹത്തിന് ഇന്നലെ ലഭിച്ച മികച്ച നിരക്ക് 23.87 രൂപയായിരുന്നു. ശമ്പളം കിട്ടിയ സമയവും മികച്ച വിനിമയ നിരക്കും ഒത്തുവന്നതോടെ നാട്ടിലേക്കു പണം അയയ്ക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ 25% വർധനയുണ്ടായെന്ന് വിവിധ എക്സ്ചേഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു. എക്സ്ചേഞ്ചുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയുമാണ് മിക്കവരും നാട്ടിലേക്ക് പണം അയയ്ക്കുന്നത്. ബാങ്ക് ജീവനക്കാർ ബാങ്ക് അക്കൗണ്ടുകൾ വഴി മെച്ചപ്പെട്ട നിരക്കിൽ അയയ്ക്കുന്നുണ്ട്.

നാട്ടിലേക്ക് പണം അയച്ചവർക്ക് 2 ദിവസത്തിനിടെ 10 പൈസയും ഒരു മാസത്തിനിടെ 56 പൈസയും കൂടുതൽ ലഭിച്ചു. 2024 ഫെബ്രുവരി 6ന് ഒരു ദിർഹത്തിന് 22.61 രൂപയായിരുന്നു. ഒരുവർഷം പിന്നിട്ട ശേഷം, ഇന്നലത്തെ നിരക്കുമായി താരതമ്യം ചെയ്താൽ 1.26 രൂപയാണ് ഓരോ ദിർഹത്തിനും കൂടുതലായി ലഭിച്ചത്. 5 വർഷത്തിനിടെയുണ്ടായ മൂല്യശോഷണത്തിൽ 4.4 രൂപയുടെ വ്യത്യാസം. ഈ നില തുടർന്നാൽ ഉടൻ തന്നെ ഒരു ദിർഹത്തിന് 24 രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നവർ ഏറെയാണ്.

യുഎഇയിലെ എക്സ്ചേഞ്ചുകളിൽ ഇന്നലെ ഒരു ദിർഹത്തിന് 23.74 രൂപ നൽകിയപ്പോൾ വിവിധ കമ്പനികളുടെ മൊബൈൽ ആപ്പുകളായ ബോട്ടിമിലും ഇത്തിസലാത്തിന്റെ ഇ ആൻഡ് മണി ആപ്പിലും 23.86 രൂപ നൽകി. വാൻസ് ഉൾപ്പെടെയുള്ള മറ്റു ചില ആപ്പിൽ രാജ്യാന്തര നിരക്കിനു സമാനമായ നിരക്കിൽ (23.87) പണം അയയ്ക്കാം. സേവനത്തിന് പ്രത്യേകം ഫീസും ഇല്ല. അയച്ച ഉടൻ തന്നെ അക്കൗണ്ടിൽ പണം ക്രെഡിറ്റാകുന്നതും സൗകര്യമാണ്.

ഇതര ജിസിസി രാജ്യങ്ങളിലെ കറൻസികളുടെ രാജ്യാന്തര വിനിമയ നിരക്കിലും ആനുപാതിക വർധനയുണ്ട്.

അതിൽ 10 മുതൽ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നൽകിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *