കുവൈറ്റ് സിറ്റി: കുവൈത്തില്‍ ദേശീയ – വിമോചന ദിനാഘോഷങ്ങളുടെ മുന്നോടിയായി കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുമെന്നും അധികൃതര്‍ പറഞ്ഞു. ഖൈറാന്‍, വഫ്റ, കബ്ദ്, സബിയ, ജാബര്‍ ബ്രിഡ്ജ്, അബ്ദാലി ഫാംസ്, അല്‍- ഖലീജ് അല്‍- അറബി സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിലും പ്രധാന റോഡുകളിലും പ്രത്യേക സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തും.
അതിരുവിട്ട ആഘോഷ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വാട്ടര്‍ ബലൂണ്‍, ഫോം സ്‌പ്രേ എന്നിവ അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പരമാവധി നിയമ ലംഘനങ്ങള്‍ തടയാനും എല്ലാവര്‍ക്കും സമാധാനപരമായി ആഘോഷങ്ങളില്‍ പങ്കെടുക്കാനും സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.