ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ പൗരന്മാർക്ക് ഇനി ഇ-വിസ; തീരുമാനം സ്വാഗതം ചെയ്ത് ഖത്തർ സമൂഹം

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് ഇന്ത്യ സന്ദർശിക്കാനിരിക്കെ, ഖത്തർ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-വിസ സൗകര്യം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കി.

ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഖത്തർ പൗരന്മാർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാമെന്നും ഇ-വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളും മറ്റു വിശദാംശങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം, ഖത്തർ പൗരന്മാർക്ക് നിലവിൽ അനുവദിക്കുന്ന പേപ്പർ വിസ സേവനങ്ങൾ തുടരുമെന്നും എംബസി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഈ മാസം 17, 18 തിയതികളിലാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *