ലോകരാജ്യങ്ങൾ കേരളത്തിലേക്ക്; ഓസ്ട്രിയ റിക്രൂട്ട്‌മെന്റ് സാധ്യതകള്‍: ട്രേഡ് കമ്മീഷണര്‍ ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്ട്‌നാഗല്‍ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് ട്രേഡ് കമ്മീഷണര്‍ ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്ട്‌നാഗല്ലിന്റെ (Hans Joerg Hortnagl) നേതൃത്വത്തില്‍ വെസ്‌റ്റേണ്‍ ഓസ്ട്രിയായിലെ ടിരോള്‍ ക്ലിനിക്കന്‍ ഹോസ്പിറ്റലിലെ അധികൃതര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. നോര്‍ക്ക റൂട്ട്‌സില്‍ നിന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി, റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ നഴ്‌സിംങ് റിക്രൂട്ട്‌മെന്റിന് ധാരണയായിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റായ ട്രിപ്പിള്‍വിന്‍ കേരള മാതൃകയില്‍ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റാണ് അഭികാമ്യമെന്ന് അജിത് കോളശേരി അഭിപ്രായപ്പെട്ടു. ഫാസ്റ്റ്ട്രാക്ക് വഴി 60 മുതല്‍ 90 ദിവസത്തിനകം ഡിപ്ലോയ്‌മെന്റ് പൂര്‍ത്തിയാക്കാനാകും. 1960 കള്‍ മുതല്‍ കേരളത്തില്‍ നിന്നും തുടങ്ങിയ നഴ്‌സുമാരുടെ യൂറോപ്യന്‍ കുടിയേറ്റ ചരിത്രവും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡാനന്തരമാണ് ജര്‍മ്മനിയിലേയ്ക്കുള്‍പ്പെടെ കുടിയേറ്റ സാധ്യതകള്‍ വര്‍ധിച്ചത്.

ജര്‍മ്മന്‍ ഭാഷാ യോഗ്യതയായ ബി വണ്‍ നേടിയ നഴ്‌സിംങ് ബിരുദധാരികള്‍ക്ക് ബി 2 ഓസ്ട്രിയായില്‍ എംപ്ലോയര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ റിക്രൂട്ട്‌മെന്റ് സാധ്യത പരിഗണിക്കാവുന്നതാണെന്ന് ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്ട്‌നാഗല്‍ പറഞ്ഞു. അവസാന വര്‍ഷ ബി.എസ്.സി നഴ്‌സിംങ് ബിരുദധാരികള്‍ക്ക് ഓസ്ട്രിയായില്‍ പരിശീലനത്തിനും തുടര്‍ന്ന് ജോലിക്കും അവസരം ലഭിക്കുന്ന പ്രോഗ്രാമും പ്ലസ്ടുവിനു ശേഷം ഓസ്ട്രിയായില്‍ നഴ്‌സിംങ് പഠനത്തിന് അവസരമൊരുക്കുന്ന സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമും ടിരോള്‍ ക്ലിനിക്കന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍- പേഴ്‌സണല്‍ ഡോ. മത്തിയാസ് വാള്‍ട്ടര്‍ മുന്നോട്ടുവച്ചു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ അനുമതിക്കായി നല്‍കാമെന്ന് അജിത് കോളശേരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *