തിരുവനന്തപുരം: വിദേശത്ത് മലയാളികള്‍ക്ക് ലഭിക്കുന്ന പരിഗണനയ്ക്കു പിന്നില്‍ ദീര്‍ഘകാലം വിശ്വസ്തതയോടെ ആ നാടുകളെ സേവിച്ച ഡോ. ബി. രവി പിള്ളയെ പോലുള്ളവരുണ്ടാക്കിയ ‘ഗുഡ് വില്‍’ പ്രധാന സ്വാധീന ശക്തിയായിരുന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നേടിയ ഡോ. ബി. രവി പിള്ളയ്ക്ക് കേരളത്തിന്റെ ആദരം നല്‍കുന്നതിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ചേര്‍ന്ന രവി പ്രഭ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നമ്മള്‍ വിഷമം അനുഭവിച്ചിട്ടുള്ള ഘട്ടങ്ങളിലെല്ലാം സഹായഹസ്തവുമായി ഓടിയെത്താന്‍ ഒരു മടിയും രവി പിള്ള കാണിച്ചിട്ടില്ല. ഇവിടം വ്യവസായ സൗഹൃദമല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ സ്ഥാപിത താത്പര്യക്കാര്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ളപ്പോഴൊക്കെ അദ്ദേഹം സ്വന്തം അനുഭവം ഉദ്ധരിച്ചുകൊണ്ട് വസ്തുതകള്‍ മറിച്ചാണെന്ന് സ്ഥാപിച്ചിട്ടുണ്ട്.
നമ്മുടെ പ്രവാസി സഹോദരങ്ങളെ കേരളവുമായി ഔദ്യോഗികമായി ബന്ധിപ്പിക്കുകയും അവരുടെ ആശയങ്ങളെ കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ലോക കേരളസഭയുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ വലിയ സഹായമാണ് രവി പിള്ളയില്‍ നിന്നും ലഭിക്കുന്നത്. പൊതുവെ നമ്മള്‍ പ്രവാസിമലയാളികളെക്കുറിച്ച് പറയാറുള്ളത്, അവര്‍ കേരളത്തിന്റെ അംബാസിഡര്‍മാര്‍ ആണെന്നാണ്. കേരളത്തിന്റെ അംബാസിഡര്‍മാരുടെ മുന്‍നിരയിലാണ് രവി പിള്ളയുടെ സ്ഥാനം. കാരണം, പ്രവാസിമലയാളിയായി നിലകൊള്ളുമ്പോള്‍തന്നെ നാട്ടിലെയും പ്രവാസലോകത്തെയും മലയാളികളുടെ ക്ഷേമവും ഉന്നമനവും ഉറപ്പുവരുത്താന്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ കാണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് നോര്‍ക്കാ റൂട്സിന്റെ ഡയറക്ടറായി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആ ചുമതല വഹിച്ചുകൊണ്ട് സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നല്‍കിവരുന്നത്. കുവൈറ്റ് ദുരന്തത്തിന്റെയും പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും ഒക്കെ ഘട്ടങ്ങളില്‍ ഈ നാട് അദ്ദേഹത്തിന്റെ കരുതല്‍സ്പര്‍ശം അറിഞ്ഞിട്ടുണ്ട്. കേരളത്തോട് അദ്ദേഹം കാണിക്കുന്ന കരുതലിന് ഈ നാട് എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
കൊല്ലം ചവറയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച രവി പിള്ള, ഇന്ന് ലോകമാകെ അറിയുന്ന ഒരു വ്യവസായ പ്രമുഖനായി വളര്‍ന്നത് ദീര്‍ഘകാലത്തെ സമര്‍പ്പിത പ്രയത്നത്തിന്റെ ഫലമായാണ്. വലിയ വളര്‍ച്ച കൈവരിച്ചപ്പോഴും ചുറ്റുമുള്ള മനുഷ്യരെയോ, സ്വന്തം നാടിനെയോ ഒന്നും അദ്ദേഹം മറന്നില്ല. മിഡില്‍ ഈസ്റ്റില്‍ ആധുനിക നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും ആ രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് അടിത്തറ പാകുന്നതിലും വലിയൊരളവില്‍ പങ്കുവഹിക്കാന്‍ രവി പിള്ളയ്ക്കു കഴിഞ്ഞു. സത്യസന്ധവും വിശ്വസ്തവുമായ മാര്‍ഗങ്ങളിലൂടെ മലയാളികള്‍ വിദേശ രാജ്യങ്ങളിലെ വ്യവസായ പ്രമുഖരായി ഉയരുമ്പോള്‍, ആ രാജ്യങ്ങളിലുള്ള ഭരണാധികാരികള്‍ ഇന്ത്യക്കാരുടെ സത്യസന്ധതയും വിശ്വസ്തതയുമായാണ് അതിനെ കാണുന്നത്. ഇന്ത്യക്കാര്‍ പരിശ്രമശാലികളും ആത്മാര്‍ത്ഥതയുള്ളവരും വിശ്വസിക്കാന്‍ കൊള്ളാവുന്നവരുമാണ് എന്ന സന്ദേശമാണ് രവി പിള്ളയെപ്പോലുള്ളവരുടെ ജീവിത വിജയത്തിലൂടെ വിദേശ ഭരണാധികാരികള്‍ക്കു ലഭിക്കുന്നത്. മലയാളിസമൂഹത്തിന്റെ പൊതുസ്വീകാര്യത വിദേശങ്ങളില്‍ വ്യാപിപ്പിക്കുന്ന ‘ഗുഡ് വില്‍’ അംബാസിഡര്‍മാര്‍ കൂടിയാണ് രവി പിള്ളയെപ്പോലുള്ളവര്‍.
രവി പിള്ളയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള ഗുഡ്വില്ലിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ബഹ്റൈന്‍ രാജാവ് അദ്ദേഹത്തിനു സമ്മാനിച്ച മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) എന്ന അവാര്‍ഡ്. ഇതാദ്യമായാണ് ഒരു വിദേശ വ്യവസായിക്ക് ഇത്തരത്തിലുള്ള ഒരു പുരസ്‌ക്കാരം ബഹ്റൈന്‍ നല്‍കുന്നത്. വ്യത്യസ്ത മേഖലകളില്‍ ബഹ്റൈന്റെ വികസനത്തിനു വേണ്ടി അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡ് നല്‍കപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ തലമുറയ്ക്ക് ബിസിനസ് രംഗത്ത് മാതൃകയാണ് രവി പിള്ളയെന്ന് മുഖ്യാതിഥിയായിരുന്ന ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. രവി പിള്ളയുടെ പ്രവര്‍ത്തന മികവ് എല്ലാവര്‍ക്കും പാഠമാകണമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. രവി പിള്ളയുടെ ആത്മകഥയായ രവിയുഗത്തിന്റെ കവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്കു നല്‍കി പ്രകാശനം ചെയ്തു. ആര്‍ട്ടിസ്റ്റ് മദനനന്‍ വരച്ച രവി പിള്ളയുടെ ചിത്രം മോഹന്‍ലാല്‍ കൈമാറി.
മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ കെ. രാജന്‍, കെ.എന്‍. ബാലഗോപാല്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ബഹ്‌റൈന്‍ പ്രതിനിധികളായ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, അഹമ്മദ് അബ്ദുല്‍ മാലിക്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, സുജിത്ത് വിജയന്‍പിളള എം.എല്‍.എ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എസ്. രാമചന്ദ്രന്‍ പിള്ള, ഡോ.കെ. ഓമനക്കുട്ടി, ഗോകുലം ഗോപാലന്‍, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍, മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, സംവിധായകരായ ഷാജി എന്‍ കരുണ്‍, ടി.കെ. രാജീവ് കുമാര്‍, നോര്‍ക്ക സെക്രട്ടറി ഡോ. കെ. വാസുകി, നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ജി. രാജ്‌മോഹന്‍, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഇ.എം. നജീബ് എന്നിവര്‍ പങ്കെടുത്തു.