റമസാൻ: അവശ്യ വസ്തുക്കളുടെ വില കൂട്ടരുതെന്ന് മന്ത്രാലയം

അബുദാബി: റമസാന് മുന്നോടിയായി അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കാൻ പാടില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. ഇതുസംബന്ധിച്ച് യു എ ഇയിലെ മൊത്ത, ചില്ലറ വിൽപന ശാലകൾക്ക്  നിർദേശം നൽകി. അവശ്യവസ്തുക്കളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധനയും ഊർജിതമാക്കി. 

യൂണിയൻ കോപ്, ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങി രാജ്യത്തെ അഞ്ച് പ്രധാന ശൃംഖലകളിലാണ് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി നേരിട്ടെത്തി പരിശോധിച്ചത്. 9 അടിസ്ഥാന ഉപഭോക്തൃ ഉൽപന്നങ്ങളുടെ പുതിയ വിലനിർണയ നയം നടപ്പാക്കുന്നുണ്ടെന്നും അന്യായമായി വില വർധിപ്പിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.

അരി, ഗോതമ്പ്, ബ്രെഡ്, പഞ്ചസാര, പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, ഇറച്ചി, പയർവർഗങ്ങൾ എന്നീ 9 അടിസ്ഥാന വസ്തുക്കളുടെ വില ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക വിധം എല്ലാ ശാഖകളിലും പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മുൻകൂർ അനുമതിയില്ലാതെ ചില്ലറ വ്യാപാരികൾക്ക് അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു. റമസാനിൽ  ഇഫ്താർ സംഘടിപ്പിക്കുന്നത് പതിവായതിനാൽ ഉപഭോക്തൃ ചെലവ് വർധിക്കുന്നു. ഇതിനു പുറമെ സാധനങ്ങളുടെ വില വർധന കൂടിയാകുമ്പോൾ താങ്ങാവുന്നതല്ലെന്നും പറഞ്ഞു. ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *