മനാമ: സിബിഎസ്ഇ പരീക്ഷാ ചൂടിൽ ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളുകൾ. പത്താം ക്ലാസ് പരീക്ഷകൾക്കാണ് തുടക്കമായത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഉടൻ ആരംഭിക്കും. ഇന്ത്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ,അൽ നൂർ സ്‌കൂൾ, ഇബ്ൻ അൽ ഹൈത്തം സ്‌കൂൾ എന്നീ സ്‌കൂളുകളിലായി 1,726 വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷയും 1,285 വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എഴുതുന്നുണ്ട്. ഇന്ത്യൻ സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്–800 പേർ പത്താം ക്ലാസും അറുന്നൂറോളം പേർ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എഴുതുന്നുണ്ട്.
ഉപരിപഠനം വളരെ പരിമിതമായ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിലെ വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസ് പഠനം കഴിയുന്നതോടെ സ്വദേശത്തേക്കോ അല്ലെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിലേക്കോ ചേക്കേറാനാണ് താൽപ്പര്യപ്പെടുന്നത്.