കുവൈത്ത് സിറ്റി: സന്ദർശക പങ്കാളിത്തത്തിലും വൈവിധ്യമായ കലാ, സാംസ്കാരിക പരിപാടികളിലും ശ്രദ്ധേയമായി ഭാരത്. മേള. തുടര്‍ച്ചയായ പത്ത് മണിക്കൂര്‍ നീണ്ട മേളയ്ക് ഇന്ത്യൻ എംബസിയാണ് ചുക്കാൻ പിടിച്ചത്. ഏഴായിരത്തിലധികം സന്ദര്‍ശകരാണ് മേള കാണാനെത്തിയത്.
ശനിയാഴ്ച രാവിലെ മുതല്‍ രാത്രി 9 വരെ സാല്‍മിയ ബോളിവാഡ് പാര്‍ക്കിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മേള. ഇന്ത്യന്‍ സ്ഥാനപതി ഡോ:ആദര്‍ശ് സ്വൈക, ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളായ എംഎസ്‌കെ പ്രസാദ്, വി. രാജു എന്നിവർ ചേർന്നായിരുന്നു ഉദ്ഘാടനം.
വിവിധ കലാ-സാംസ്കാരിക പരിപാടികൾ കാണാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. ഇന്ത്യയുടെ വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, വടക്കു–കിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രകടനങ്ങളോടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെയാണ് എടുത്തുകാട്ടിയത്. 700 ലധികം കലാകാരന്മാര്‍ വേദിയില്‍ തുടര്‍ച്ചയായി വിവിധതരം പരിപാടികള്‍ അവതരിപ്പിച്ചു.
ഇതാദ്യമായാണ് കുവൈത്ത് എംബസി ഇത്ര വലിയതോതിൽ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നതെന്ന് സ്ഥാനപതി ഡോ: ആദര്‍ശ് സ്വൈക മാധ്യമങ്ങളോടെ പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ ഒന്നിച്ചു അണിനിരത്താനും തങ്ങളുടെ കഴിവുകൾ പ്രകടമാക്കാനും ഇന്ത്യൻ സംഗീതം, നൃത്തം, പാചകരീതി, പാരമ്പര്യങ്ങള്‍ എന്നിവ അറിയാനും ആസ്വദിക്കാനും അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് ഭാരത് മേള സംഘടിപ്പിച്ചതെന്ന് സ്ഥാനപതി പറഞ്ഞു.
ഇന്ത്യന്‍ സംരംഭങ്ങളെ പിന്തുണയ്ക്കുക എന്നത് എംബസിയുടെ പ്രധാന ചുമതലകളിലൊന്നാണ്. അനവധി ഇന്ത്യൻ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത് കുവൈത്തുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം വിപുലീകരിക്കുന്നതിന്റെ തെളിവാണെന്നും ഡോ. സൈ്വക പറഞ്ഞു. കുവൈത്തുമായുള്ള ഉഭയകക്ഷി വ്യാപാരം 10 ബില്യൻ ഡോളര്‍ കവിഞ്ഞു. ഇന്ത്യന്‍ നിര്‍മിത കാറുകളും ഉല്‍പന്നങ്ങളും കുവൈറ്റില്‍ സജീവമാകുന്നത് ഇരു രാജ്യങ്ങളുടെയും സഹകരണത്തിന്റെ അടയാളമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സംഘടനകളുടെ സ്റ്റാളുകള്‍, കരകൗശല ശാലകള്‍, ഭക്ഷണശാലകള്‍ എന്നിവയുമെല്ലാം മേളയുടെ ആകർഷണമായി. വൈകിട്ട് വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരും മേള സന്ദർശിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ പി. സി. ടി. ഡി പദ്ധതിക്ക് കീഴിലാണ് എംബസി ‘ഭാരത് മേള’ സംഘടിപ്പിച്ചത്.

