ജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരികൾക്ക് പന്ത്രണ്ട് ആഴ്ച പ്രസവാവധി നൽകുന്നത് അടക്കമുള്ള കൂടുതൽ ആനുകൂല്യങ്ങൾ അടങ്ങുന്ന നിയമം പ്രാബല്യത്തിൽ. പ്രസവം പ്രതീക്ഷിക്കുന്ന തീയതിക്ക് നാലാഴ്ച മുൻപ് മുതൽ എപ്പോൾ വേണമെങ്കിലും ഈ അവധി ജീവനക്കാരികൾക്ക് പ്രയോജനപ്പെടുത്താം.
ഓവർ ടൈം ജോലിക്ക് തൊഴിലാളിയുടെ അനുമതി പ്രകാരം മറ്റൊരു ദിവസം അവധി അനുവദിക്കാം. ഇതിന് പുറമെ, സഹോദരനോ സഹോദരിയോ മരിച്ചാൽ മൂന്നു ദിവസത്തെ വേതനത്തോടു കൂടിയ അവധിയും ലഭിക്കും. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനും പുതിയ വ്യവസ്ഥ നിലവിൽ വന്നു.
ഇതനുസരിച്ച് തൊഴിലാളിയാണ് കരാർ അവസാനിപ്പിക്കുന്നത് എങ്കിൽ ചുരുങ്ങിയത് 30 ദിവസം മുൻപും തൊഴിലുടമയാണ് തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതെങ്കിൽ 60 ദിവസം മുൻപും നോട്ടിസ് നല്‍കിയിരിക്കണം. ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ താമസ, യാത്രാസൗകര്യം ഏര്‍പ്പെടുത്തണം. ഇല്ലെങ്കിൽ താമസ, യാത്രാ അലവന്‍സുകള്‍ വിതരണം ചെയ്യണം എന്നിവയാണ് മറ്റു പ്രധാന വ്യവസ്ഥകൾ.