ഇമിഗ്രേഷൻ നടപടികൾക്കിടെ ദേഹാസ്വാസ്ഥ്യം; ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി പ്രവാസി മലയാളി

റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെർണാണ്ടസ്  നാട്ടിലെത്തി. സൗദി എയർലൈൻസിൽ കൊച്ചിയിലെത്തിയ ജോസിനെ തുടർ ചികിത്സക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മാസം മുൻപ് അവധിക്ക് നാട്ടിലേക്ക് പോകാനായി  റിയാദ് എയർപോർട്ടിൽ എത്തി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് ശരീരത്തിന് തളർച്ച അനുഭവപ്പെട്ടത്.  തുടർന്ന്  കേളി പ്രവർത്തകനായ മോഹൻദാസിനെ വിവരമറിയിക്കുകയും ഉടൻതന്നെ  ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 

ആശുപത്രിയിൽ വച്ച് രക്തസമ്മർദ്ദം വർധിക്കുകയും ഒരു വശം തളരുകയും ചെയ്തതിനെ തുടർന്ന് വിദഗ്ധ ചികിത്സക്ക് വിധേയനാക്കുകയായിരുന്നു. വിവരമറിഞ്ഞ് യുകെയിൽ പഠിക്കുന്ന മകൻ സാനു ജോസ് റിയാദിൽ എത്തിയിരുന്നു.

13 വർഷമായി റിയാദിൽ നിർമാണ തൊഴിലാളിയായ ജോസ് മൂന്ന് മാസത്തെ അവധിക്കാണ് നാട്ടിലേക്ക് പോകാനിരുന്നത്. നീണ്ട ചികിത്സക്ക് ശേഷം  വീൽചെയർ സഹായത്തോടെ യാത്ര ചെയ്യാൻ കഴിയുമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ജോസിന് നാട്ടിലേക്ക് പോകാൻ കഴിഞ്ഞത്. 

ജോസിനുള്ള ടിക്കറ്റ് കേളി ആണ് നൽകിയത്. ബത്ത ഏരിയ കമ്മിറ്റി അംഗം മോഹൻദാസ്, ജീവകാരുണ്യ കൺവീനർ  നസീർ മുള്ളൂർക്കര,  ജീവകാരുണ്യ കമ്മിറ്റി അംഗം എബി വർഗീസ് മറ്റ് കേളിയുടെ പ്രവർത്തകരുമാണ് ജോസിനെ സഹായമായി നിന്നത്. 

Leave a Reply

Your email address will not be published. Required fields are marked *