ദുബായ്: ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർ തട്ടിപ്പുകളിൽ അകപ്പെടാതെ സൂക്ഷിക്കണമെന്ന് ഓസ്‌ട്രേലിയ ക്വീൻസ് ലാൻഡ് സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകനും പ്രിൻസിപ്പൽ സോളിസിറ്ററുമായ അഡ്വ. ടോണിയോ തോമസ് പറഞ്ഞു. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസ വീസ നൽകാമെന്നും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്ത് പല പരസ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലരും ലക്ഷങ്ങൾ നഷ്ടപ്പെട്ട ശേഷമാണ് യാഥാർഥ്യം മനസ്സിലാക്കുന്നത്.
ജീവനക്കാരെ ആവശ്യമുള്ള തൊഴിൽ മേഖലകൾ, ജീവനക്കാരുടെ എണ്ണം, അപേക്ഷകരുടെ യോഗ്യത, യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാർ അപേക്ഷകർക്ക് നൽകുന്ന സ്‌കോർ എന്നിവയുടെ അടിസ്ഥാനത്തിലാണ് വീസ ലഭിക്കുക. അപേക്ഷിച്ചവരിൽ യോഗ്യതയുള്ള എല്ലാവർക്കും വീസ ലഭിക്കണമെന്നില്ല. എന്നാൽ അപേക്ഷാ നടപടികൾക്ക് മുൻകൂർ പണം ചെലവാകുമെന്നത് അപേക്ഷകർ മനസ്സിലാക്കിയിരിക്കണം. മൈഗ്രേഷൻ സേവനം നൽകുന്നവർ അംഗീകാരമുള്ളവരാണെന്ന് ഉറപ്പുവരുത്തുകയാണ് തട്ടിപ്പിനിരയാകാതിരിക്കാനുള്ള ആദ്യപടി.
മൈഗ്രേഷൻ സേവനം നൽകുന്ന സ്ഥാപനവുമായി ഉണ്ടാക്കുന്ന കരാറും പ്രധാനമാണ്. പെർമനന്റ് റസിഡൻസ് വീസ (പിആർ) ലഭിക്കുന്നില്ലെങ്കിൽ അടച്ച തുകയിൽ എത്ര തിരികെ നൽകുമെന്ന് കരാറിൽ വ്യക്തമാണോ എന്ന് പരിശോധിക്കണം. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതം എന്നിവ ലക്ഷ്യമിട്ടാണ് പലരും ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നത്. അതേസമയം ഓസ്‌ട്രേലിയയിൽ നിലവിൽ താമസിക്കുന്നവരുടെ നിയമനത്തിനും മറ്റു രാജ്യങ്ങളിൽ നിന്ന് പുതുതായി കുടിയേറുന്നവർക്കുമുള്ള മാനദണ്ഡങ്ങൾ വ്യത്യസ്തമാണെന്നും മൈഗ്രേഷൻ നിയമ സ്ഥാപനമായ ടോണിയോ ആൻഡ് സെനോറയിലെ നിയമവിദഗ്ധർ പറഞ്ഞു. കുടിയേറ്റം ആഗ്രഹിക്കുന്നവർക്ക് ദുബായ് ബുർജ്‌മാൻ സെന്ററിലെ ടോണിയോ ആൻഡ് സെനോറ ഓഫിസിൽ നിന്ന് സൗജന്യ മാർഗനിർദ്ദേശം ലഭിക്കും. റോജിഷ ജെറോം, സജിത്ത് മൈക്കിൾ, സജിത്ത് കുരുവിള, ശോഭ കുറ്റിയിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.