ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) ഭാഗമായുള്ള ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടി രൂപ (30 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചു. തമിഴ്‌നാട് സ്വദേശിയായ സുരേഷ് പാവയ്യയാണ് ഭാഗ്യവാൻ. 45-ാം ജന്മദിന ദിവസമാണ് സുരേഷ് പാവയ്യയെ ഭാഗ്യം കടാക്ഷിച്ചത്.
2006 മുതൽ യുഎഇയിൽ ജോലി ചെയ്യുന്ന സുരേഷ്, ടെക്നിക്കൽ സർവീസ് ബിസിനസ് തുടങ്ങാൻ സമ്മാനത്തുക ഉപയോഗിക്കുമെന്ന് പറഞ്ഞു. ഡ്രീം ദുബായിയുടെ ‘ഷോപ്പ് ആൻഡ് വിൻ’ എന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചത്. മുൻപ് പലതവണ ഇത്തരം നറുക്കെടുപ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ജന്മദിനത്തിൽ നറുക്കെടുപ്പ് നടക്കുന്നതിനാൽ ഭാഗ്യമുണ്ടാകുമെന്ന് കരുതിയതായി സുരേഷ് പറഞ്ഞു.
യുഎഇയിൽ ഒരു ബിസിനസ് തുടങ്ങുക എന്ന തന്റെ ദീർഘകാല സ്വപ്നം യാഥാർഥ്യമാക്കാൻ ഈ സമ്മാനം സഹായിക്കുമെന്ന് സുരേഷ് പറഞ്ഞു. പ്രൊമോഷൻ സമയത്ത് സുരേഷ് രണ്ട് ‘മൊദേഷ് ഷോപ്പിങ് കാർഡുകൾ’ വാങ്ങിയിരുന്നു.
ദുബായ് സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡ്രീം ദുബായ് ആപ്പിലൂടെയും സമൂഹ മാധ്യമത്തിലൂടെയുമാണ് വിജയിയെ പ്രഖ്യാപിച്ചത്.