മരുഭൂമിയിൽ ശോഭയോടെ ഒരാണ്ട് പൂർത്തിയാക്കി ബിഎപിഎസ് ഹിന്ദു മന്ദിർ

അബുദാബി: മരുഭൂമിയിൽ ശോഭയോടെ ഒരാണ്ട് പൂർത്തിയാക്കി ബിഎപിഎസ് ഹിന്ദു മന്ദിർ. അക്ഷർധാം മാതൃകയിൽ അബുദാബിയിലെ അബുമുറൈഖയിൽ സ്ഥാപിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

സമൂഹത്തെ ഒരുമിപ്പിക്കുന്ന സുന്ദരമായ ക്ഷേത്രമാണ് ഹിന്ദു മന്ദിർ എന്ന് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. സാംസ്കാരിക സമന്വയവും ഉഭയകക്ഷിബന്ധവും ശക്തിപ്പെടുത്താനും ഇത് സഹായകമായെന്ന് ഷെയ്ഖ് നഹ്യാൻ കൂട്ടിച്ചേർത്തു. വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വൈകിട്ട് 4.30ന് ആരംഭിച്ച ആഘോഷം രാത്രി വരെ നീണ്ടു. മന്ദിറിന്റെ സാക്ഷാത്കാരത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തികളെ ആദരിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരും എത്തി. കഴിഞ്ഞ ഒരു വർഷക്കാലം വിശ്വാസം, ഐക്യം, സേവനം എന്നിവ വളർത്തുന്നതിൽ മന്ദിറിന്റെ പങ്ക് വ്യക്തമാക്കുന്ന വിഡിയോ പ്രദർശനത്തോടെയാണ് പരിപാടി തുടങ്ങിയത്. ഇന്ത്യയും യു എ ഇയും തമ്മിലുള്ള സൗഹൃദത്തിന്റെ ഏറ്റവും വ്യക്തമായ രൂപമാണ് ക്ഷേത്രമെന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ മന്ദിറിന്റെ പ്രാധാന്യം അദ്ദേഹം ഉയർത്തിക്കാട്ടി.

ഒരു കുഞ്ഞ് ആദ്യ ചുവടുകൾ വയ്ക്കുന്നതുപോലെ, മന്ദിർ പിച്ചവയ്ക്കാൻ തുടങ്ങിയതേയുള്ളൂ. അടുത്ത വർഷത്തോടെ അത് നടക്കാൻ മാത്രമല്ല സമാധാനം, ഐക്യം, സന്തോഷം എന്നിവയുടെ സന്ദേശം ലോകവുമായി പങ്കിടാനും തുടങ്ങുമെന്ന് ക്ഷേത്ര മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു. തുടക്കം മുതൽ മന്ദിറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ യു എ ഇ നേതൃത്വത്തിനും സന്നദ്ധ പ്രവർത്തകർക്കും ദാതാക്കൾക്കും സ്വാമി നന്ദി പറഞ്ഞു. ഒരു വർഷത്തിനകം 22 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്തു. 13 ലക്ഷം പേർക്ക് സൗജന്യ ഭക്ഷണം നൽകി. 1,000 ആചാരപരമായ ചടങ്ങുകൾ നടത്തുകയും 20 വിവാഹങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തതായും പറഞ്ഞു. 6 വിഭാഗങ്ങളായാണ് ആഘോഷങ്ങൾ നടന്നത്.

പ്രസിഡൻഷ്യൽ കോർട്ടിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, സാമൂഹിക വികസന വിഭാഗം ചെയർമാൻ ഡോ. മുഗീർ ഖാമിസ് അൽ ഖൈലി, അബുദാബി പൊലീസ് കമാൻഡർ-ഇൻ-ചീഫ് ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സെയ്തൂൻ അൽ മുഹൈരി, രാജകുടുംബാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി 450 വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട 2000 പേർ ഉൾപ്പെടെ മൊത്തം 13,000 പേർ ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. ഹിന്ദു കലണ്ടർ പ്രകാരം വസന്ത പഞ്ചമി ദിനമായ ഈ മാസം രണ്ടിന് പ്രത്യേക പൂജകൾ നടത്തി തുടക്കം കുറിച്ച വാർഷികാഘോഷങ്ങളാണ് സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *