കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ വിദേശിക്ക് മൂന്നുവർഷം തടവും മുപ്പതിനായിരം ദിനാർ പിഴയും ശിക്ഷ വിധിച്ച് കീഴ് കോടതി. ഈ വിധി അപ്പീൽ കോടതി ശരിവച്ചു. ശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മുബാറക്ക് അൽ കബീർ ഗവർണറേറ്റിലെ വീട്ടിലാണ് സംഭവം നടന്നത്.
ശരീരത്തിൽ തീ വച്ച് പൊള്ളിക്കുക, കത്തി കൊണ്ട് കുത്തുക, അന്യായമായി തടങ്കലിൽ പാർപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ശാരീരിക പീഡനത്തെ തുടർന്ന് ഇരയ്ക്ക് 25 ശതമാനം അംഗവൈകല്യം സംഭവിച്ചിരുന്നു. നാല് വർഷമായി ജോലി ചെയ്തിരുന്ന ഇവർ 2021 മുതൽ 2022 വരെ പ്രതിയുടെ ഭാര്യയുടെ സംരക്ഷണയിലായിരുന്നു. ഈ കാലയളവിലാണ് ശാരീരിക പീഡനത്തിന് ഇരയായത്.
ജോലിക്ക് വേഗത പോരാ എന്ന് പറഞ്ഞ് മരക്കൊമ്പ് കൊണ്ട് അടിക്കുമായിരുന്നുവെന്ന് ഇര കോടതിയെ ബോധിപ്പിച്ചു. മുറിയിൽ പൂട്ടിയിട്ട് ഭക്ഷണവും നിഷേധിച്ചിരുന്നു.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചശേഷമാണ് ഇര അതിക്രമത്തെക്കുറിച്ച് പറഞ്ഞത്. നിരവധി പരുക്കുകൾ ഇവരുടെ ദേഹത്ത് ഉണ്ടായിരുന്നതായും വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.