റമസാൻ: അരി, പഞ്ചസാര തുടങ്ങി അവശ്യ സാധനങ്ങൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ; പ്രത്യേക ടാഗ് നോക്കി വാങ്ങാം

ദോഹ: റമസാൻ പ്രമാണിച്ച് 1,000 ത്തിലധികം അവശ്യ സാധനങ്ങളുടെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ–വ്യവസായ മന്ത്രാലയം. രാജ്യത്തെ പ്രധാന റീട്ടെയ്ൽ സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. റമസാൻ അവസാനിക്കുന്നതു വരെയാണ് വിലക്കുറവ് പ്രാബല്യത്തിലുള്ളത്. മന്ത്രാലയത്തിന്റെ ‘ഡിസ്ക്കൗണ്ടഡ് ഗുഡ്സ് ഇനിഷ്യേറ്റീവ്’ എന്ന പദ്ധതിയുടെ ഭാഗമായാണിത്. 

ധാന്യം, പഞ്ചസാര, അരി, പാസ്ത, ചിക്കൻ, ഭക്ഷ്യ എണ്ണ, പാൽ എന്നിങ്ങനെയുള്ള ഭക്ഷ്യ സാധനങ്ങളും ടിഷ്യു, അലുമിനിയം ഫോയിൽ പേപ്പർ, ഡിറ്റർജന്റുകൾ തുടങ്ങിയ ഭക്ഷ്യേതര സാധനങ്ങളും ഉൾപ്പെടെയാണ് ആയിരം അവശ്യ സാധനങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക ടാഗിൽ ആയിരിക്കും വിലക്കുറവുള്ള ഉൽപന്നങ്ങൾ വിൽപനശാലകളിൽ പ്രദർശിപ്പിക്കുക. 

രാജ്യത്തെ സ്ഥാപനങ്ങൾ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന ഉൽപന്നങ്ങൾക്ക് വിലക്കുറവ് നൽകുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കും. വില ചട്ടം സംബന്ധിച്ച ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ  അറിയിക്കാൻ മടിക്കരുതെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി. 

Leave a Reply

Your email address will not be published. Required fields are marked *