വിരലുകള്‍ക്ക് ശസ്ത്രക്രിയ, പേരും പാസ്പോർട്ടും മാറും; നാടുകടത്തപ്പെട്ടവർ കുവൈത്തിൽ തിരിച്ചത്തുന്ന വഴികൾ

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ ബയോമെട്രിക് വിരലടയാളം പ്രക്രിയ പൂർത്തിയായതോടെ വ്യാജ രേഖകളുപയോഗിച്ച് മുന്‍കാലങ്ങളില്‍ നാട് കടത്തപ്പെട്ട അനേകം വിദേശികള്‍ കുവൈത്തില്‍ തിരിച്ചെത്തിയതായി കണ്ടെത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് അധികവും. നൂറുകണക്കിന് വിദേശികള്‍ തിരിച്ചെത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

20 വര്‍ഷം മുൻപ് നാട് കടത്തപ്പെട്ടവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. നാടുകടത്തപ്പെട്ട വ്യക്തികള്‍ പേര് മാറ്റി വ്യാജ പാസ്‌പോര്‍ട്ട്, മറ്റ് രേഖകള്‍ ഉപയോഗിച്ചാണ് തിരിച്ചെത്തിയത്. മുൻപ് ഫോട്ടോ മാത്രമായിരുന്നു തിരിച്ചറിയാന്‍ സഹായിച്ചിരുന്നത്. എന്തെങ്കിലും സംശയം തോന്നിയാല്‍ മാത്രമേ വിരലടയാളം അടക്കമുള്ള പരിശോധനയ്ക്ക് മുതിരുമായിരുന്നുള്ളൂ. അതിനാല്‍ ഇഖാമ പുതുക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കുമായിരുന്നു.

ബയോമെട്രിക് സംവിധാനത്തിലൂടെ പഴയ രേഖകളുമായി സാമ്യം കണ്ടെത്തി പൊരുത്തക്കേടുകള്‍ മനസിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ക്ക് കഴിയുന്നു. പിടികൂടിയവരില്‍ ചിലര്‍, വിരലുകള്‍ ശസ്ത്രക്രിയ നടത്തുകയും കൈകള്‍ വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. ചില കേസുകളില്‍ മറ്റു രാജ്യത്തെ പൗരത്വം ഉപയോഗിച്ച് കുവൈത്തില്‍ തിരിച്ചെത്തിയതും കണ്ടെത്തിയിട്ടുണ്ട്.

പഴയ വിരലടയാള സംവിധാനത്തില്‍ ഇത് തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. അതുകൊണ്ടാണ് നാട് കടത്തപ്പെട്ട ഇത്തരക്കാര്‍ വര്‍ഷങ്ങളായി കുവൈത്തില്‍ തുടരാന്‍ കഴിഞ്ഞത്. കണ്ടെത്തിയ കേസുകളില്‍ കുറ്റവാളികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടികൂടുന്നത് അനുസരിച്ച്  ഇവരെ നിയമനടപടിക്ക് വിധേയമാക്കിയശേഷം നാട് കടത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *