യാത്രക്കാരില്ലെങ്കിലും മുന്നറിയിപ്പ്, ചെലവും കുറവ്; വാഹനങ്ങളിലെ തീപിടിത്തത്തിന് പരിഹാരവുമായി ഖത്തറിലെ കൊച്ചു മിടുക്കന്മാർ

ദോഹ: ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലത്തെ കനത്ത ചൂടിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവാകുന്ന സാഹചര്യത്തിൽ ഇത്തരം അപകടങ്ങളുടെ പ്രത്യാഘാതം കുറയ്ക്കാൻ നൂതന പരിഹാരമാർഗം വികസിപ്പിച്ചിരിക്കുകയാണ് തൃശൂർ സ്വദേശികളും ഖത്തറിലെ ബിർള പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളുമായ അയാൻ ഷിഹാബും ആരോൺ ജോയിയും. ‘ഇന്നവേറ്റീവ് ഫയർ സപ്രഷൻ സിസ്റ്റം ഫോർ വെഹിക്കിൾസ്’ (ഐഎഫ്എസ്എസ്​വി) എന്നതാണ് ഇരുവരും ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ  സംവിധാനം.

സയൻസ് ഇന്ത്യ ഫോറം ഖത്തർ സംഘടിപ്പിച്ച സയൻസ് എക്സിബിഷനിലാണ് വിദ്യാർഥികൾ തങ്ങളുടെ പുതിയ കണ്ടുപിടിത്തം അവതരിപ്പിച്ചത്. വൈദ്യുത ഷോർട്ട് സർക്യൂട്ടുകൾ, എൻജിൻ ഓവർഹീറ്റ്, കൂട്ടിയിടികൾ, ഇന്ധന ചോർച്ച അല്ലെങ്കിൽ മറ്റ് ഏതെങ്കിലും  കാരണങ്ങൾ എന്നിവ മൂലം വാഹനങ്ങൾക്കുണ്ടാകുന്ന തീ പിടിത്തത്തിന്റെ പ്രത്യാഘാതം കുറയ്ക്കുകയാണ് പുതിയ കണ്ടുപിടിത്തത്തിന്റെ ലക്ഷ്യം. 

പ്രവർത്തനം അറിയാം
അഗ്നി പ്രതിരോധ ദ്രാവകം നിറച്ച ചെറിയ വാട്ടർ സ്പ്രിംഗളറുകൾ ഉപയോഗിച്ചാണ് ഈ സംവിധാനത്തിന്റെ പ്രവർത്തനം. വാഹനത്തിന് തീപിടിക്കുന്നതിന്റെ തുടക്കത്തിൽ തന്നെ അപകടം വേഗത്തിൽ തിരിച്ചറിയുന്ന  നൂതന അഗ്നിശമന സെൻസറുകൾ വാഹനങ്ങളിൽ സജ്ജീകരിച്ചുകൊണ്ട് ഐഎഫ്എസ്എസ്​വി അപകട സാധ്യത മനസ്സിലാക്കും  ഈ സെൻസറുകൾ പ്രത്യേകിച്ചും ഷോർട്ട്‌ സർക്ക്യൂട്ടുകൾക്ക്‌ സാധ്യതയുള്ള ഭാഗങ്ങളിൽ  താപനിലയിലെ പെട്ടെന്നുള്ള വർധനയും പുകയും ഉടൻ  കണ്ടെത്തും. തീപിടിത്തം കണ്ടെത്തിയാൽ ഉടൻ തന്നെ അലാറം അടിക്കുകയും സ്പ്രിംഗ്ലറുകൾ വേഗത്തിൽ തീ അണയ്ക്കുകയും ചെയ്യും. 

വാഹനത്തിന്റെ ഉൾഭാഗവും പുറംഭാഗവും ഉൾപ്പെടുന്ന രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സ്പ്രിംഗ്ലറുകൾ അഗ്നി പ്രതിരോധ ദ്രാവകമാണ് സ്പ്രേ ചെയ്യുന്നത്. വാഹനത്തിലെ  ഇലക്ട്രോണിക്സ് സാമഗ്രികൾക്കോ ഇന്റീരിയറിനോ കേടുപാടുകൾ വരുത്താതെ തീ വേഗത്തിൽ അണയ്ക്കാൻ സാധിക്കും . ഇതുവഴി  യാത്രക്കാരുടെയും വാഹനത്തിന്റെയും സുരക്ഷ ഉറപ്പാക്കും. വാഹനത്തിൽ യാത്രക്കാർ ഇല്ലാത്തപ്പോഴാണ് തീ പിടിക്കുന്നതെങ്കിൽ ഈ സംവിധാനം മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹന ഉടമയ്ക്ക് മുന്നറിയിപ്പ് സന്ദേശം അയയ്ക്കുകയും ചെയ്യും. 

ചെലവ് കുറവ്
ഇന്നവേറ്റീവ് ഫയർ സപ്രഷൻ സിസ്റ്റം ഫോർ വെഹിക്കിൾസ് സംവിധാനം സാധാരണക്കാരന്റെ പോക്കറ്റിനും താങ്ങാവുന്ന സംവിധാനം തന്നെയാണ്. ഓക്സിലറി ബാറ്ററി, ലിക്വിഡ് സ്റ്റോറേജ് ടാങ്ക്, ഫ്ലൂയിഡ് ജെറ്റുകൾ, സ്മോക്ക് ഡിറ്റക്ടറുകൾ, താപനില സെൻസറുകൾ, ഹോസ് കണക്ഷനുകൾ, റിലേ, ഫയർ റിട്ടാർഡന്റ് ലിക്വിഡ്, മോട്ടോർ പമ്പ് എന്നിവയുൾപ്പെടുന്നതാണ് സംവിധാനം. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട്, വാഹന തീപിടിത്തം തുടങ്ങിയ അപകടങ്ങളുടെ തീവ്രത  ലഘൂകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ കണ്ടുപിടുത്തം.

തൃശൂർ ഗുരുവായൂർ സ്വദേശി ശിഹാബ് ഷരീഫിന്റെയും  ഹർഷ ഷിഹാബിന്റെയും മകനാണ് അയാൻ ഷിഹാബ്. തമിഴ്നാട് ചെന്നൈ സ്വദേശികളായ ഇമ്മാനുവൽ  ഡേവി‍ഡിന്റെയും  ഗീതാഭായ് വിക്ടോറിയ രാജന്റെയും മകനാണ് ആരോൺ ജോയി.  ഇരുവരുടെയും മാതാപിതാക്കൾ ഖത്തറിലാണ് ജോലി ചെയ്യുന്നത്. ആറാം ക്ലാസ് വിദ്യാർത്ഥികളായ മക്കളുടെ കണ്ടുപിടുത്തം ഏറെ പ്രതീക്ഷയോടെയാണ്  രക്ഷിതാക്കൾ  നോക്കി കാണുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *