അബുദാബി/ഡൽഹി: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യ സന്ദർശത്തോട് അനുബന്ധിച്ച് ഇന്ത്യ – ഖത്തർ വാണിജ്യസഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി അൽ താനി, ഖത്തർ വിദേശ വ്യാപാര മന്ത്രി അഹമ്മദ് ബിൻ മുഹമ്മദ് അൽ സയിദ് എന്നിവർ പങ്കെടുത്ത ഇന്ത്യ ഖത്തർ ബിസിനസ് ഫോറത്തിൽ വിപുലമായ നിക്ഷേപങ്ങൾക്കുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ഇൻവെസ്റ്റ് ഇന്ത്യയും ഇൻവെസ്റ്റ് ഖത്തറും തമ്മിൽ നിക്ഷേപങ്ങൾ വിപുലമാക്കുന്ന കരാറിലെത്തി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുടെ കൂടുതൽ സഹകരണത്തിനും പിന്തുണയ്ക്കും ഖത്തർ ബിസിനസ്മാൻ അസോസിസേഷനും സിഐഐ എന്നിവർ തമ്മിൽ ധാരണയിലെത്തി.
ഏറ്റവും മികച്ച സൗഹൃദമാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ളതെന്നും കൂടുതൽ വാണിജ്യസഹകരണത്തിന് വഴിയൊരുങ്ങുന്നത് പ്രവാസ സമൂഹത്തിന്റെ കൂടുതൽ ഉന്നമത്തിന് കൂടി ഊർജമേകുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ സന്ദർശനം ഇന്ത്യ ഖത്തർ സൗഹൃദം കൂടുതൽ സുദൃഢമാക്കുമെന്നും കൂടുതൽ നിക്ഷേപസാധ്യതകൾക്ക് തുടക്കമാകുമെന്നും എം.എ യൂസഫലി കൂട്ടിച്ചേർത്തു.