2024ലെ കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം റംഷി പട്ടുവത്തിന്

ദോഹ: നാടന്‍പാട്ട് മേഖലയില്‍ കനല്‍ ഖത്തര്‍ നല്‍കിവരുന്ന “കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌കാരം 2024” കണ്ണൂര്‍ സ്വദേശി റംഷി പട്ടുവം അർഹനായി.

കേരളത്തിലെ നാടന്‍പാട്ട് മേഖലയിലെ പ്രശംസനീയമായ സംഭാവനകള്‍ നല്‍കുന്ന കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകുക എന്ന ഉദ്ദേശത്തോടെ നല്‍കുന്നതാണ് കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌ക്കാരം.

ഓരോ സമൂഹത്തിന്റെയും കൂട്ടായ്മയില്‍ നിന്നാണ് അവരുടെ പാട്ടുകള്‍ രൂപം കൊണ്ടിട്ടുള്ളത്. അജ്ഞാത കര്‍തൃകങ്ങളായ ഇത്തരം പാട്ടുകള്‍ കാലത്തില്‍ നിന്ന് കാലത്തിലേക്ക് വാമൊഴിയായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം പാട്ടുകളും നാടന്‍കലകളും ജനമനസ്സുകളിലേക്ക് പകര്‍ന്നു നല്‍കുന്ന, ഈ മേഖലയില്‍ നിറഞ്ഞ സാന്നിധ്യത്തിലൂടെ നാടന്‍കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് പ്രശംസനീയമായ സംഭാവനകള്‍ നല്‍കുന്ന നാടന്‍പാട്ട് കലാകാരന്മാരെ ആദരിക്കുക എന്ന പ്രവര്‍ത്തനമാണ് കനല്‍ ഖത്തര്‍ നടത്തുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാടന്‍പാട്ട് മേഖലയില്‍ ശക്തമായ ഇടപെടലുകളിലൂടെ നാട്ടുപാട്ടുകളുടെ മികച്ച പ്രവര്‍ത്തനങ്ങളും നിറഞ്ഞ സാന്നിധ്യവും അറിയിച്ചുകൊണ്ടിരിക്കുന്ന കലാകാരനായ കണ്ണൂര്‍ സ്വദേശിയായ റംഷി പട്ടുവം ആണ് ഇത്തവണത്തെ പുരസ്‌കാരത്തിന് അര്‍ഹനായത്.

റംഷി പട്ടുവം പ്രാഥമിക വിദ്യാഭ്യാസ കാലം മുതല്‍ തന്നെ നാടന്‍പാട്ടുകളുടെ ലോകത്തേക്ക് കടന്നുവന്നിട്ടുള്ള വ്യക്തിയാണ്. ആയിരത്തില്‍പരം മണ്ണിന്റെ മണമുള്ള പാട്ടുകള്‍ ശേഖരിക്കുകയും ജന്മനസ്സുകളിലേക്കു പകര്‍ന്നു നല്‍കുകയും ചെയ്തിട്ടുള്ള നാട്ടുകലാകാരനാണ് അദ്ദേഹം. സ്‌കൂള്‍ കലോത്സവം, കേരളോത്സവം, ഇന്റര്‍സോണ്‍ കലോത്സവങ്ങള്‍ തുടങ്ങിയ മത്സരപരിപാടികളില്‍ റംഷി പരിശീലിപ്പിച്ച കുട്ടികള്‍ സമ്മാനങ്ങള്‍ നേടുകയും തനത് നാടന്‍പാട്ടുകളുടെ പ്രചാരകരാവുകയും ചെയ്തിട്ടുണ്ട്. വിവിധ മത്സരപരിപാടികളുടെ വിധികര്‍ത്താവായും പ്രവര്‍ത്തിച്ചു വരുന്നു. മലബാര്‍ മേഖലയിലെ പ്രധാന നാടന്‍ കലാ സംഘമായ മയ്യില്‍ അഥീന നാടക നാട്ടറിവ് കലാസമിതിയിലെ പ്രധാന കലാകാരനാണ് റംഷി പട്ടുവം.

കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഖത്തറിലെ വിവിധ കൂട്ടായ്മകളിലെയും ആഘോഷവേദികളിലും വൈവിധ്യങ്ങളായ കലാസാംസ്‌കാരിക ഇടങ്ങളിലും നാടിന്റെ നന്മകളും പൈതൃകവും വിളിച്ചോതുന്ന നാടന്‍പാട്ടുകളുടെയും നാടന്‍കലാരൂപങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കൂട്ടായ്മയാണ് കനല്‍ ഖത്തര്‍ നാടന്‍പാട്ട് സംഘം. കുട്ടികള്‍ക്കായി നാടന്‍ കലാ ശില്പശാലകള്‍, സെമിനാറുകള്‍, വിവിധ നാടന്‍കലാ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍.

കനല്‍ ഖത്തർ ദോഹയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പുരസ്‌ക്കാര സമര്‍പ്പണം നടത്തുമെന്ന് കനല്‍ ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *