യാത്രക്കാരോ വിമാനങ്ങളോ ഇല്ലാത്ത ഒരു വിമാനത്താവളം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ? ഏതെങ്കിലും രാജ്യത്ത് അങ്ങനെയുളള ഒരു വിമാനത്താവളം ഉണ്ടോ? എന്നാൽ അടുത്തിടെ പാകിസ്ഥാനിൽ നിർമിച്ച ഏറ്റവും ചെലവേറിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇങ്ങനെയൊരു അവസ്ഥയുണ്ട്. ചൈന നൽകിയ 240 മില്യൺ ഡോളർ ഉപയോഗിച്ച് നിർമിച്ച ഈ വിമാനത്താവളം എപ്പോൾ പ്രവർത്തനം ആരംഭിക്കുമെന്ന ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല.
പാകിസ്ഥാനിലെ തീരദേശ നഗരമായ ഗ്വാദറിലാണ് ന്യൂ ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഈ വിമാനത്താവളത്തിന്റെ നിർമാണം കഴിഞ്ഞ വർഷം ഓക്ടോബറിലേ പൂർത്തിയായതാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി, ചൈന അവരുടെ പടിഞ്ഞാറൻ സിൻജിയാംഗ് പ്രവിശ്യയെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി അല്ലെങ്കിൽ സിപിഇസിയ്ക്കായി കോടിക്കണക്കിന് ഡോളറുകളാണ് ബലൂചിസ്ഥാനിലേക്കും ഗ്വാദറിലേക്കും വിവിധ പദ്ധതികളിലായി നിക്ഷേപിച്ചത്.
ചൈനയുടെ ഈ പ്രവൃത്തിയെ അധികാരികൾ വാനോളം പുകഴ്ത്തിയെങ്കിലും ഗ്വാദറിൽ യാതൊരു തരത്തിലുളള വികസനപ്രവർത്തനങ്ങളും നടന്നില്ല. ഗ്വാദറിന് ആവശ്യമായ വൈദ്യുതിയോ ശുദ്ധജല വിതരണമോ പോലും കൃത്യമായി നടന്നിരുന്നില്ല. അത്യാവശ്യ കാര്യങ്ങൾ ഇല്ലെങ്കിലും ആഡംബര രീതിയിലുളള അന്താരാഷ്ട്ര വിമാനത്താവളം ഗ്വാദറിൽ ഉയർന്നിരിക്കുന്നത്. 400,000 യാത്രക്കാരെ ഉൾക്കൊളളാൻ കഴിയുന്ന ഒരു വിമാനത്താവളം ഗ്വാദറിലെ 90,000 ആളുകൾക്ക് പോലും മുൻഗണനയോ തൊഴിലവസരങ്ങളോ നൽകുന്നില്ല.
യഥാർത്ഥ ലക്ഷ്യം
പുതിയ വിമാനത്താവളം പാകിസ്ഥാനിനോ ഗ്വാദറിനോ വേണ്ടിയുളളതല്ലെന്ന് പാകിസ്ഥാൻ -ചൈന ബന്ധങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ അസീം ഖാലിദ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് ചൈനയ്ക്കുള്ളതാണ്, അവരുടെ പൗരൻമാർക്ക് സുരക്ഷിതമായി ഗ്വാദറിലേക്കും ബലൂചിസ്ഥാനിലേക്കും പ്രവേശനം ലഭിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ പ്രവിശ്യയായ ബലൂചിസ്ഥാൻ പ്രകൃതി വിഭവങ്ങളാൽ സമൃദ്ധവും തന്ത്രപ്രധാനവുമായ സ്ഥലമാണ്. ഇവിടെ പതിറ്റാണ്ടുകളായി നിണ്ടുനിൽക്കുന്ന കലാപത്തിന് സിപിഇസി സഹായം ചെയ്യുന്നുണ്ട്. ഇതുമൂലം പലതരത്തിലുളള ചൂഷണങ്ങളും ബലൂചിസ്ഥാനിലുളളവർ അനുഭവിക്കുന്നുണ്ട്, പാകിസ്ഥാൻ സൈനികരിൽ നിന്നും ചൈനീസുകാരിൽ നിന്നുമുളള സ്വാതന്ത്ര്യത്തിനായി അവർ ഇപ്പോഴും പോരാടുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷമായ ബലൂചുകൾ സർക്കാരിൽ നിന്ന് വിവേചനം നേരിടുന്നുവെന്നും രാജ്യത്തിന്റെ മറ്റിടങ്ങളിൽ മതിയായ അവസരങ്ങൾ നിഷേധിക്കുന്നുവെന്നാണ് പ്രതിഷേധിക്കാരുടെ ആരോപണം. ഇതിനെ സർക്കാർ നിരന്തരമായി നിഷേധിക്കുകയാണ് ചെയ്യുന്നത്.
ചൈനയുടെ നിക്ഷേപങ്ങളെ പാകിസ്ഥാൻ സംരക്ഷിക്കുകയാണ്. അതിനാൽത്തന്നെ തദ്ദേശീയരുടെ പ്രതിഷേധങ്ങളെ ചെറുക്കുന്നതിന് ഗ്വാദറിൽ വലിയ സൈന്യത്തെ തന്നെ വിന്യസിച്ചിട്ടുണ്ട്,. ഇവിടങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ, മുള്ളുവേലികൾ, ബാരിക്കേഡുകൾ, വാച്ച് ടവറുകൾ തുടങ്ങിയവും സ്ഥാപിച്ചിട്ടുണ്ട്. അതിർത്തികളിലൂടെ ചൈനീസ് തൊഴിലാളികൾക്കും പാകിസ്ഥാൻ വിഐപികൾക്കും സുരക്ഷിതമായി കടന്നുപോകുന്നതിന് ആഴ്ചകളിൽ പലതവണയും റോഡുകൾ അടച്ചിടാറുണ്ട്, കൂടാതെ ഗ്വാദറിൽ പ്രവേശിക്കുന്ന മാദ്ധ്യമപ്രവർത്തകരെ നിരീക്ഷിക്കുന്നതിന് ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.
ജനങ്ങൾ പരിഭ്രാന്തിയിൽ
തങ്ങളെ സംരക്ഷിക്കേണ്ട ഭരണകൂടം തന്നെ ശത്രുക്കളായി കാണുകയാണെന്ന ആശങ്കയിലാണ് ഗ്വാദറിലെ ജനങ്ങൾ. ഗ്വാദർ സ്വദേശിയായ ഖുദ ബക്ഷ് ഹാഷീം (76) പറയുന്നത് ഇങ്ങനെ, ഞങ്ങൾ എവിടേക്കാണ് പോകുന്നത്? പേരെന്താണ് എന്ന് ആരും ചോദിക്കാറില്ലായിരുന്നു. സ്വന്തം സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ ഇപ്പോഴുളള അവസ്ഥ അങ്ങനെയല്ല. ഞങ്ങൾ ആരാണ്? എവിടെയാണ് എന്നുളള രേഖകൾ തെളിയിക്കാനാണ് അവർ പറയുന്നത്.
നമ്മുടെ വ്യക്തിത്വം, നമ്മൾ ആരാണെന്നും, എവിടെ നിന്നാണ് വന്നതെന്നും തെളിയിക്കാൻ നമ്മളോട് ആവശ്യപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മൾ താമസക്കാരാണ്. ചോദിക്കുന്നവർ തങ്ങൾ ആരാണെന്ന് സ്വയം തിരിച്ചറിയണം. ഗ്വാദർ ഒരു സമയത്ത് പാകിസ്ഥാന്റെ ഭാഗമായിരുന്നില്ല. ഒമാന്റെ ഭാഗമായിരുന്നു. ഒരു സമയത്ത് നല്ല ജീവിതസാഹചര്യമായിരുന്നു. ഇപ്പോൾ ഞങ്ങൾ ഒരുപാട് ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ട്. അദ്ദേഹം പറഞ്ഞു.സിപിഇസിയിലൂടെ ഏകദേശം 2000 പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നാണ് സർക്കാർ പറയുന്നത്. പക്ഷെ ഇത് ബലൂചുകൾക്ക് ലഭിച്ചിട്ടില്ല.
പല സുരക്ഷ പ്രശ്നങ്ങൾ കാരണം വിമാനത്താവളത്തിന്റെ ഉദ്ഘാടനം വൈകിയിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗു വെർച്വൽ ചടങ്ങിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. നടത്തി. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ആദ്യവിമാനത്തിൽ മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പ്രവേശനമില്ലായിരുന്നുവെന്നതും ശ്രദ്ധേയമായിരുന്നു. ഗ്വാദർ നിവാസിയായ ഒരാളെ പോലും വിമാനത്താവളത്തിൽ തൊഴിലാളിയായി നിയോഗിച്ചിട്ടില്ലെന്ന് ബലൂചിസ്ഥാൻ അവാമി പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഹോത്ത് പറഞ്ഞു.