ന്യൂയോർക്ക്: ഫൊക്കാനയുടെ കേരളാ കോ–ഓർഡിനേറ്റർ ആയി കേരള കോൺഗ്രസ് (എം) സംസ്‌ഥാന നേതാവായ ഡോ.മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ടിനെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. കോഫി വിത്ത് ലൂക്ക് എന്ന ടോക്ക് ഷോയിലൂടെ പ്രശസ്തനായ ഡോ. ലൂക്ക്, കേരള ട്രിബ്യൂൺ ചെയർമാൻ, സൈക്കോളജിസ്റ്റ് , മോട്ടിവേഷണല്‍ സ്പീക്കര്‍, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, കണ്‍സള്‍റ്റന്റ്, രാഷ്ട്രീയ നേതാവ്, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.
മെന്റൽ ഹെൽത്ത് ആൻഡ് കൗൺസിലിങ്ങിൽ ഡോക്ടറേറ്റുള്ള ഡോ. ലൂക്കോസ് നിയമം, ജേർണലിസം, ഇംഗ്ലിഷ് സാഹിത്യം എന്നീ മേഖലകളിൽ പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് മാധ്യമ പ്രവർത്തകനായി പേരെടുത്തത്. ബിസിനസ് പരിശീലന-നേതൃ പാടവത്തിലെ മികച്ച പ്രകടനത്തിന് അമേരിക്കയിലെ വാറന് ബുഫെറ്റിന്റെ ബെർക്‌ഷയർ ഹാത്‌വേ പുരസ്കാരം നേടിയിട്ടുണ്ട്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്കു വന്ന ലൂക്കോസ് മന്നിയോട്ട് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ , യൂണിയൻ ചെയർമാൻ, കേരള കോൺഗ്രസ് (എം) സംസ്‌ഥാന കോർഡിനേറ്റർ എന്നി നിലകളിലും, കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കൊട്ടാരക്കര അസംബ്ലി മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയിരുന്നു.
ലോക കേരളാ സഭാംഗം, സെർവ് ഇൻഡ്യ, ഗാർഡൻ ഓഫ് ലൈഫ്, പ്രൊവിഡൻസ് വേൾഡ് ഐ എൻ സി എന്നി സ്‌ഥാപനങ്ങളുടെ ഫൗണ്ടറും സി ഇ ഒയുമാണ്. ലീഡർഷിപ്പ് മേഖലയിൽ അഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശക്തമായ നേതൃത്വ പാടവവും രാജ്യാന്തര തലത്തിൽ വിപുലമായ ബന്ധങ്ങളുമുള്ള, അദ്ദേഹത്തിന്റെ സാന്നിധ്യം ഫൊക്കാനയുടെ സാമൂഹിക, സാംസ്ക്കാരിക, വിദ്യഭ്യാസ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴി ഒരുക്കുമെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറാർ ജോയ് ചാക്കപ്പൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.