‘കുടിയേറ്റം’ മുഖ്യ ആയുധം; 15 വർഷം മുൻപ് രാഷ്ട്രീയം ഉപേക്ഷിച്ചു, തിരിച്ചുവരവിൽ ജർമനിയുടെ നായകൻ: ആരാണ് ഫ്രീഡ്‌റിഷ് മേർട്‌സ്?

ബെർലിൻ: കുടിയേറ്റവും സാമ്പത്തിക പ്രശ്നങ്ങളുമെന്ന, വെല്ലുവിളികൾക്കിടെയാണ് ജർമനിയിൽ പുതിയ സർക്കാർ അധികാരത്തിലേറുന്നത്. സർക്കാരിന്റെ ഭാഗമായി ഇതുവരെ ചുമതലകൾ വഹിച്ചിട്ടില്ലാത്ത ഫ്രീഡ്‌റിഷ് മേർട്‌സാണ് ജർമനിയുടെ പുതിയ ചാൻസലർ. തിരഞ്ഞെടുപ്പിൽ 28.5% വോട്ടുകളാണ് മേർട്‌സിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) – ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ (സിഎസ്‌യു) സഖ്യം നേടിയത്. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിനു മറ്റു പാർട്ടികളുടെ പിന്തുണ കൂടിവേണം സിഡിയു – സിഎസ്‌യു സഖ്യത്തിന്. തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിക്ക് (എഎഫ്ഡി) 20.7% വോട്ടുകളാണ് ലഭിച്ചത്. നവംബറിൽ വിശ്വാസവോട്ടെടുപ്പിൽ മുൻ ചാൻസലർ ഒലാഫ് ഷോൾസ് പരാ‍ജയപ്പെട്ടതിനെ തുടർന്നാണ് ജർമൻ പാർലമെന്റ് പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് നടന്നത്. 

ആരാണ് ഫ്രീഡ്‌റിഷ് മേർട്‌സ്?

പലവട്ടം വിവാദ പ്രസ്താവനകൾ നടത്തുകയും 2009ൽ രാഷ്ട്രീയം ഉപേഷിക്കുകയും ചെയ്തയാളാണ് ഫ്രീഡ്‌റിഷ് മേർട്‌സ്. ജർമനിയിലേക്കുള്ള അനധികൃത കുടിയേറ്റം മുഖ്യ വിഷയമാക്കിയാണ് മേർട്‌സ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. നികുതി പരിഷ്കരണം, കുടിയേറ്റ നിയമങ്ങൾ, പ്രതിരോധ മേഖലയിലെ ചെലവ് തുടങ്ങി നിരവധി വിഷയങ്ങളിലെ മേർട്‌സിന്റെ തീരുമാനങ്ങൾ ലോകം ഉറ്റുനോക്കുന്നുണ്ട്. സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നപ്പോഴെല്ലാം ഫ്രീഡ്‌റിഷ് മേർട്‌സ് നടത്തിയ പരാമർശങ്ങൾ പല വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. 

1990ൽ ഗർഭഛിദ്ര നിരോധന നിയമം ഉദാരമാക്കുന്നതിനെ എതിർത്ത മേർട്‌സ് 1997ൽ മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് വോട്ടു ചെയ്തിരുന്നു. ആണവോർജ നയങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹം സാമ്പത്തിക നയങ്ങൾ സുതാര്യമാകണമെന്നും അഴിമതി ഇല്ലാതാക്കണമെന്നും വാദിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. 25 വർഷങ്ങൾക്കു മുമ്പ് ജർമനിയുടെ കുടിയേറ്റ നയങ്ങളെ വിമർശിക്കുകയും വിദേശികളുമായുള്ള പ്രശ്നങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത നേതാവ് കൂടിയാണ് മേർട്‌സ്. 2023ൽ മാർകസ് ലാൻസുമായുള്ള രാഷ്ട്രീയ ചർച്ചയിൽ കുടിയേറ്റക്കാർ ജർമനിയുടെ അഖണ്ഡത തകർക്കുകയാണെന്നും ഇത്തരക്കാരെ രാജ്യത്തുനിന്നു പറഞ്ഞുവിടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റുമതക്കാരെ ഉന്നംവച്ചുള്ള പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു.

യുഎസുമായി അടുത്ത ബന്ധം പുലർത്തുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായ മേർട്‌സ്, 100ൽ അധികം തവണയാണു യുഎസ് സന്ദർശിച്ചത്. ട്രംപ് ഭരണകൂടം വന്നതോടെ യുഎസിന്റെ പിന്തുണ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. സ്വന്തം രാജ്യത്തിന്റെ സുരക്ഷ നമ്മൾത്തന്നെ നോക്കണമെന്ന നിലപാടുള്ള വ്യക്തിയാണ് മേർട്‌സ്. ആണവ പ്രതിരോധത്തെക്കുറിച്ച് ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളുമായി ജർമനി ചർച്ച നടത്തണമെന്നും യൂറോപ്പിന്റെ നിയന്ത്രണം ജർമനി ഏറ്റെടുക്കണമെന്നും മേർട്‌സ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

1955 നവംബർ 11ന് ബ്രിലോണിലാണ് ഫ്രീഡ്‌റിഷ് മേർട്‌സിന്റെ ജനനം. നിയമബിരുദധാരിയായ അദ്ദേഹം 1972 മുതൽ സിഡിയുവിന്റെ ഭാഗമാണ്. 1989ൽ യൂറോപ്യൻ പാർലമെന്റിലെത്തിയ മെർക്ക് 1994ൽ ഹോച്ച്‌സോവർലാൻഡ്‌ക്രീസിൽനിന്ന് ജർമൻ ബുണ്ടെസ്റ്റാഗിന്റെയും ഭാഗമായി. 2000ൽ സിഡിയുവിന്റെ പാർലമെന്ററി പാർട്ടി നേതാവായി രാഷ്ട്രീയത്തിൽ കരുത്തുകാട്ടി. 2002ൽ സ്ഥാനം അംഗല മെർക്കലിനു വിട്ടുനൽകി. 2009ൽ രാഷ്ട്രീയം ഉപേക്ഷിച്ച മേർട്‍സ് കോർപ്പറേറ്റ് അഭിഭാഷകനായി.

ബ്ലാക്ക് റോക്ക് ഉൾപ്പെടെയുള്ള മുൻനിര ‌‌‌കമ്പനികളിലെ ജോലിയാണ് അദ്ദേഹത്തെ സമ്പന്നനാക്കിയത്. എന്നാൽ ബിസിനസിനായി അദ്ദേഹം രാഷ്ട്രീയബന്ധങ്ങൾ ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്. 2018 അംഗല മെർക്കൽ സിഡിയുവിന്റെ ചുമതലകളിൽനിന്ന് ഒഴിയുകയും ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് മേർട്‍സ് സിഡിയുവിലേക്കു തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *