യുകെയിൽ ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെയിൽസ് ഹെൽത്ത്, സോഷ്യൽ കെയർ സെക്രട്ടറി

വെയിൽസ്/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി വെയില്‍സിലെ (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ്.  അടുത്തവർഷം കേരളത്തിൽ നിന്നും 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സന്നദ്ധത ജെറമി മൈൽസ്  മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തോടുള്ള വെയിൽസിന്റെ സഹകരണത്തിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ് ഫെയ്സ് ബുക്ക് പേജിലൂടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവച്ചത്.

ഒരു വര്‍ഷത്തിനുളളില്‍ 350 ലധികം ആരോഗ്യപ്രവര്‍ത്തകരാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലൂടെ വെയില്‍സിലെത്തിയത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വെയിൽസിന്റെ ആരോഗ്യ മേഖലയിൽ നടത്തുന്ന പ്രവർത്തനം നിസ്തുലമാണെന്ന് ജെറമി മൈൽസ് അറിയിച്ചു. ഇനിയും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് വെയിൽസിൽ അവസരങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപ് മുഖ്യമന്ത്രി വെയില്‍സ് സന്ദർശിച്ച വേളയിൽ കൂടുതൽ ആരോഗ്യപ്രവര്‍ത്തകരെ വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുളള ചർച്ച നടത്തിയിരുന്നു. തുടർന്ന് 2024 മാർച്ച് ഒന്നിന് ഇത് സംബന്ധിച്ച് വെയിൽസ് അധികൃതരുമായി കരാറിലേർപ്പെടുകയും ചെയ്തു.

ജെറമി മൈൽസ് – മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച

‘വെയിൽസ് ഇൻ ഇന്ത്യ 2024’ വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗമായിട്ടാണ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. ഡിപ്ലോമാറ്റ് മിച്ച് തീക്കര്‍, ബ്രിട്ടിഷ് ഹൈകമ്മിഷൻ ഡെപ്യൂട്ടി മിഷൻ ഹെഡ് ജെയിംസ് ഗോർഡൻ, പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥന്‍ ബ്രൂംഫീല്‍ഡ്, സൗത്ത് ഇന്ത്യ കണ്‍ട്രി മാനേജര്‍ ബിന്‍സി ഈശോ, എന്‍.എച്ച്.എസ്. വര്‍ക്ക് ഫോഴ്സ് ഇയാന്‍ ഓവന്‍,നോർക്ക സെക്രട്ടറി ഡോ. കെ വാസുകി, നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *