ദോഹ: ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിച്ച കലാ, കായിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന കെ. മുഹമ്മദ് ഈസ യെന്ന ഇസക്കയുടെ ഓർമ്മകൾ ഉണർത്തുന്ന സ്മരണിക പുറത്തിറക്കുമെന്ന് ഖത്തർ കെ എം സി സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈസക്കയുടെ കുടുംബത്തിന്റെ സഹകരണത്തോടെ അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും ഉൾപ്പെടെയുള്ള ജീവിതകാലത്തെക്കുറിച്ചുള്ള സ്മരണിക വരും തലമുറയ്ക്ക് പ്രചോദനമാകുന്ന ഉള്ളടക്കത്തോടെയാണ് പ്രസിദ്ധീകരിക്കുക.
ഖത്തറിലെയും, നാട്ടിലെയും വിവിധസംഘടനാപ്രതിനിധികളും, സംഗീതലോകത്തെയും കായികലോകത്തെയും പ്രശസ്തരും പ്രതിഭകളും, ഈസക്കയുമായുള്ള ആഴമേറിയ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന സ്മരണിക പ്രൗഡഗംഭീരമായ സദസ്സിൽ ഖത്തറിലും നാട്ടിലുമായി പ്രകാശനം ചെയ്യും. പ്രകാശനചടങ്ങിൽ വിവിധ കാലങ്ങളിലുള്ള ചിത്രങ്ങളും വീഡിയോയുമുൾപ്പെടുത്തികൊണ്ടുള്ള ഈസക്കയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും. സ്മരണികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികളും രൂപീകരിച്ചു.
സ്മരണിക ഈസക്കയുടെ ശ്രദ്ധേയമായ പാരമ്പര്യത്തിനും മഹിമക്കും പരിവർത്തനം ചെയ്ത ജീവിതങ്ങൾക്കും സാക്ഷ്യമായി വർത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഈസക്കയുടെ ജീവിതം നാളെയുടെ തലമുറക്ക് മാതൃകയാക്കാവുന്ന തരത്തിൽ രേഖപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന സ്മരണികയിലേക്ക് അദ്ദേഹവുമായി ബന്ധപ്പെടുന്ന വിവരങ്ങൾ ഉണ്ടെങ്കിൽ നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു. വ്യക്തിപരമായ ഓർമ്മകളും അനുഭവങ്ങളും, അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും വിവരങ്ങൾ, ഫോട്ടഗ്രഫുകൾ എന്നിവ മാർച്ച് 30-ന് മുമ്പായി kmccstate@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം.
കെ എം സി സി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാനപ്രസിഡന്റ് ഡോ. അബ്‌ദുൾ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി എസ് എം ഹുസൈൻ, വേൾഡ് കെ എം സി സി സെക്രട്ടറി അബ്‌ദുൾ നാസർ നാച്ചി, കെ എം സി സി സംസ്ഥാന കമ്മിറ്റി അഡ്വവൈസറി ബോർഡ് ചെയർമാൻ എം പി ഷാഫി ഹാജി,കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയംകോട് എന്നിവർ പങ്കെടുത്തു.

