കോഴിക്കോട് നിന്നുള്ള ഹജ് വിമാന നിരക്കിൽ കുറവുണ്ടാകില്ലെന്ന് സൂചന

ന്യൂഡൽഹി: കോഴിക്കോട് നിന്നുള്ള ഉയർന്ന ഹജ് വിമാനയാത്രാനിരക്കിൽ മാറ്റമുണ്ടാകില്ലെന്ന സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. യാത്രാക്കൂലി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എംപി നൽകിയ നിവേദനത്തിനായിരുന്നു വ്യോമയാന മന്ത്രാലയ സെക്രട്ടറിയുടെ മറുപടി. കേരളത്തിലെ മറ്റ് എംബാർക്കേഷൻ പോയിന്റുകളെ അപേക്ഷിച്ച് കരിപ്പൂർ വിമാനത്താവളത്തിനു മാത്രമായുള്ള പരിമിതികളാണു നിരക്ക് ഉയരാൻ കാരണമെന്നാണു മന്ത്രാലയത്തിന്റെ വിശദീകരണം.

ടേബിൾ ടോപ് റൺവേയും, വലിയ വിമാനങ്ങൾക്ക് സർവീസ് നടത്തുന്നതിനുള്ള നിയന്ത്രണവും ഘടകങ്ങളാണ്. ഇക്കാരണത്താൽ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കുറച്ചു യാത്രക്കാരെ മാത്രമേ ഒരു ഫ്ലൈറ്റിൽ കൊണ്ടുപോകാനാകൂ. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അടക്കം കണക്കിലെടുക്കുമ്പോൾ വ്യത്യസ്ത എംബാർക്കേഷൻ പോയിന്റുകളിലെ നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്യാനാകില്ല.

കഴിഞ്ഞ വർഷം 9,770 തീർഥാടകർ കരിപ്പൂരിൽ നിന്നുണ്ടെങ്കിൽ ഇക്കുറി 5,591 പേർ മാത്രമേയുള്ളൂ. തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിരക്കിൽ ഇക്കുറി വർധനയില്ല. അതുപോലെ ഹജ് തീർഥാടനത്തിന്റെ നോഡൽ മന്ത്രാലയം ഈ വർഷം മുതൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

കോഴിക്കോട്ടെ ഉയർന്ന യാത്രനിരക്ക് ചോദ്യം ചെയ്ത് ഹാരിസ് ബീരാൻ കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ ഡൽഹിയിൽ നേരിൽ കണ്ടിരുന്നു. വളരെ നിരാശാജനകവും മലബാറിലെ സാധാരണക്കാരായ ഹജ് തീർഥാടകരുടെ മുഖത്തടിക്കുന്നതുമാണ് സർക്കാരിന്റെ മറുപടിയെന്ന് ഹാരിസ് ബീരാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *