ലണ്ടൻ/ഡൽഹി: കാര്‍ മാര്‍ഗം ലണ്ടനിൽ നിന്നും കേരളത്തിലേക്ക് യാത്ര നടത്തി ശ്രദ്ധേയനായ യുകെ മലയാളി രാജേഷ് കൃഷ്ണ എഴുതിയ ‘ലണ്ടന്‍ ടു കേരള’ എന്ന പുസ്തകം മോഹന്‍ലാലിന് കൈമാറി മമ്മൂട്ടി ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. ഡൽഹിയിൽ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. മമ്മൂട്ടിയുടെ ‘പുഴു’, ഭാവന നായികയായി എത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നീ ചിത്രങ്ങളിലൂടെ സിനിമ നിര്‍മാണ രംഗത്തെത്തിയ രാജേഷ് യാത്രകളെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ്.
മോഹന്‍ലാലും മമ്മൂട്ടിയും ഉൾപ്പടെ നിരവധി ചലച്ചിത്ര താരങ്ങൾ ഒരുമിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ സഹ നിര്‍മാതാവ് കൂടിയാണ് രാജേഷ് കൃഷ്ണ. ലണ്ടന്‍ ടു കേരള യാത്രയില്‍ പത്തൊന്‍പത് രാജ്യങ്ങളും 75 ല്‍പ്പരം നഗരങ്ങളും 49 ദിവസങ്ങള്‍ കൊണ്ട് ഒറ്റയ്ക്ക് യാത്ര ചെയ്താണ് രാജേഷ് കൃഷ്ണ സന്ദർശിച്ചത്. കോഴിക്കോട് നടന്ന എട്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘യാത്ര കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും’ എന്ന സെഷനിൽ പങ്കെടുത്തു രാജേഷ് കൃഷ്ണ തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവച്ചിരുന്നു.
തന്റെ ഓരോ യാത്രയിലൂടെയും അനുഭവിച്ചറിഞ്ഞത് പ്രകൃതിയുടെ മനോഹര കാഴ്ച്ചകള്‍ മാത്രമല്ല വിവിധ നാടുകളിലെ മനുഷ്യരുടെ പച്ചയായ ജീവിതവുമാണെന്ന് രാജേഷ് കൃഷ്ണ പറഞ്ഞു. ഓരോ യാത്രകളും സമ്മാനിക്കുന്നത് പുതിയ അറിവുകളും കാഴ്ച്ചപ്പാടുകളുമാണ്. നമ്മുടെ ചിന്തകള്‍ക്ക് പുതിയമാനം നല്‍കുവാന്‍ യാത്രകള്‍ക്കാകും എന്നും രാജേഷ് കൃഷ്ണ പറയുന്നു. യാത്രകളില്‍ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതങ്ങളും രാഷ്ട്രീയവും ഏകാനയാത്രയുടെ സൗന്ദര്യവും എല്ലാം ചര്‍ച്ച ചെയ്യുന്ന പുസ്തകത്തിന്റെ പ്രസാധകര്‍ ഡി.സി ബുക്സാണ്.