ലണ്ടൻ: യുകെയിൽ ഡോക്ടർമാരുമായി ഇനി വേഗത്തിൽ കൂടിക്കാഴ്ച സാധ്യമാകും. എപ്പോൾ വിളിച്ചാലും ജിപി അപ്പോയ്ൻമെന്റ് ലഭ്യമാകുന്ന പുതിയ കരാർ പ്രാബല്യത്തിലായി. ജനറൽ പ്രാക്ടീഷണർമാർ (ജിപി) കൂടുതൽ രോഗികളെ കാണാനും കൂടുതൽ പേർക്ക് അപ്പോയ്ൻമെന്റുകൾ നൽകാനും കഴിയുന്നതാണ് പുതിയ കരാർ. ഇതനുസരിച്ച് ജിപി സർജറികളുടെ പ്രവർത്തന സമയം മുഴുവനും ബുക്കിങ് നടത്താം.
നാളിതുവരെ രാവിലെ 8 മണിക്ക് ഫോൺ വിളിച്ചാൽ മാത്രമേ ബ്രിട്ടനിൽ ജിപി അപ്പോയ്ൻമെന്റ് ലഭിച്ചിരുന്നുള്ളു. ആവശ്യക്കാരെല്ലാം ഒരുമിച്ചു വിളിക്കുന്നത് കാരണം ഭൂരിഭാഗം പേർക്കും ബുക്കിങ് ലഭിക്കാറില്ലായിരുന്നു. ബ്രിട്ടനിൽ പൊതു ചികിത്സാ രീതികൾ പുനഃസ്ഥാപിക്കുവാൻ പുതിയ കരാർ മൂലം കഴിയുമെന്ന് ഡോക്ടർമാരുടെ യൂണിയനായ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) പ്രതികരിച്ചു.
പുതിയ കരാർ പ്രകാരം ജിപി സർജറി ജീവനക്കാർ ജോലി സമയത്തിലുടനീളം ഓൺലൈനായി അപ്പോയ്ൻമെന്റുകൾ സ്വീകരിക്കണം. കൂടാതെ ഓരോരുത്തരുടേയും മെഡിക്കൽ ആവശ്യത്തെ അടിസ്ഥാനമാക്കി രോഗികൾക്ക് അടിയന്തര അപ്പോയ്ൻമെന്റുകൾ നൽകണം. യുകെയിൽ ജിപി അപ്പോയ്ൻമെന്റുകൾക്കായി അതിരാവിലെ നടത്തുന്ന കൂട്ട ഫോൺ വിളി അവസാനിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയിരുന്നു.