തിരുവനന്തപുരം: കേരളത്തില്‍ നിന്നും യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിന്റെ ഒന്നാംവാര്‍ഷികത്തിന്റെയും 350 ലധികം ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തതിന്റെയും ആഘോഷം നോര്‍ക്ക സെന്ററില്‍ സംഘടിപ്പിച്ചു. വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സ്, നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ.കെ വാസുകി, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. നോര്‍ക്ക റൂട്ട്സുമായുളള സഹകരണകരണം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് പ്രസംഗത്തില്‍ ജെറമി മൈല്‍സ് അഭിപ്രായപ്പെട്ടു. വെയില്‍സിലേയ്ക്കുളള റിക്രൂട്ട്മെന്റിന് ഇന്ത്യയില്‍ നിന്നും നോര്‍ക്ക റൂട്ട്സിനെ മാത്രമാണ് ചുമതലപ്പെടുത്തിയിട്ടുളളതെന്നത് ഏറെ അഭിമാനകരമാണെന്നും ലോകത്തെ മികച്ച ആരോഗ്യപ്രവര്‍ത്തകരാണ് കേരളത്തിലെന്നും ഡോ. കെ വാസുകി ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയ്ക്കു പുറമേ മറ്റ് മേഖലകളിലെ റിക്രൂട്ട്മെന്റ് സാധ്യതകള്‍ കൂടി പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.
നിയമപരവും സുരക്ഷിതവുമായി തൊഴില്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കകയാണ് നോര്‍ക്ക റൂട്ട്സ് ലക്ഷ്യമിടുമന്നത്. വെയില്‍സ് റിക്രൂട്ട്മെന്റിനുവേണ്ട സമയം 90 ദിവസമായി കുറയ്ക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ചടങ്ങില്‍ സംസാരിച്ച് അജിത് കോളശ്ശേരിയും വ്യക്തമാക്കി. 250 പേരെ റിക്രൂട്ട് ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടെങ്കിലും വിവധ സ്പെഷ്യാലിറ്റികളിലേയ്ക്ക് 31 ഡോക്ടര്‍മാരേയും, 352 നഴ്സുമാരേയും റിക്രൂട്ട്ചെയ്യാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു പുറമേ സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ പ്രത്യേക റിക്രൂട്ട്മെന്റു സംഘടിപ്പിക്കാനായി.
“വെയിൽസ് ഇൻ ഇന്ത്യ 2024” വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗമായാണ് വെയില്‍സ് സംഘം ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയ സംഘം മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ നഴ്സിംങ് കോളേജുകളും സംഘം സന്ദര്‍ശിച്ചിരുന്നു.