തിരുവനന്തപുരം: വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സിന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘം തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍, നഴ്സിംങ് കോളേജുകള്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജിലെത്തിയ സംഘം പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറീസ്, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോ.ഡയറക്ടര്‍ ഡോ.കെ.വി വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ബി ഉഷാദേവീ എന്നിവരുമായി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.
രാവിലെ നഴ്സിംങ് കോളേജിലെത്തിയ വെയില്‍സ് സംഘം വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവദിച്ചിരുന്നു. നഴ്സിംങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ശ്രീദേവി അമ്മ വിദ്യാര്‍ത്ഥികളെ പ്രതിനിധിസംഘത്തിന് പരിചയപ്പെടുത്തി. നയതന്ത്രപ്രതിനിധി മിച്ചല്‍ തീക്കര്‍, ബംഗലൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷന്റെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ജയിംസ് ഗോര്‍ഡന്‍, പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥന് ബ്രൂംഫീല്‍ഡ്, സൗത്ത് ഇന്ത്യ കണ്ട്രി മാനേജര്‍ ബിന്‍സി ഈശോ, എന്‍.എച്ച്.എസ്. വര്‍ക്ക് ഫോഴ്സ് പ്രതിനിധി ഇയാന്‍ ഓവന്, നോര്‍ക്ക റൂട്ട്സില്‍ നിന്നും സിഇഒ അജിത് കോളശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവരും സംബന്ധിച്ചു.