ദുബായ്: പുതിയ 90 ദിവസത്തേക്കുള്ള വിസയുമായി യുഎഇ. പ്രവാസികള്‍ക്ക് ഏറെ കൗതുകം ഉണര്‍ത്തുന്ന ഈ വിസയ്ക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ല. ടൂറിസ്റ്റുകള്‍, ബിസിനസ് യാത്രക്കാര്‍, കുടുംബ സന്ദര്‍ശകര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ വിസ. ടൂറിസ്റ്റുകളെയും നിക്ഷേപകരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ എളുപ്പമാക്കുന്നത്.
ഈ വിസ കൈവശമുള്ളവര്‍ക്ക് ഒന്നിലധികം തവണ യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകും. മാത്രമല്ല, വര്‍ഷത്തില്‍ 180 ദിവസം വരെ വിസ നീട്ടുകയും ചെയ്യാം. അഞ്ച് മുതല്‍ ഏഴ് വരെ പ്രവൃത്തി ദിവസത്തിനകം വിസ അനുവദിച്ചുകിട്ടും. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഈ വിസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാം.
പ്രാദേശികമായ സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വിസയാണിത് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. ലോകത്തെ പ്രധാന യാത്രാ കേന്ദ്രമായി യുഎഇയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം പുതിയ വിസകള്‍ അനുവദിക്കുന്നത്. ടൂറിസം, ബിസിനസ് ആവശ്യം, കുടുംബ സന്ദര്‍ശനം എന്നീ ആവശ്യങ്ങള്‍ക്കാണ് ഈ വിസ അനുവദിക്കുക.
വിസയ്ക്ക് 700 ദിര്‍ഹമാണ് ഫീസ് വേണ്ടി വരുന്നത്. കൂടാതെ 2000 ദിര്‍ഹം സുരക്ഷാ നിക്ഷേപമായി ആവശ്യമാണ്. ഈ തുക തിരിച്ചുകിട്ടും. അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ ദിവസം യുഎഇയില്‍ തങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴയായി ഈടാക്കും.
വിസയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിക്ക് 18 വയസ് തികഞ്ഞിരിക്കണം. ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടാകണം. ആവശ്യമായ പണം കൈവശമുണ്ട് എന്ന് തെളിയിക്കുന്ന രേഖ വേണം. യാത്രയ്ക്കുള്ള ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. മടക്ക ടിക്കറ്റും വേണ്ടതുണ്ട്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ബന്ധപ്പെട്ട രേഖകളും നല്‍കണം. ഏഴ് ദിവസത്തിനകം വിസ അനുവദിച്ചുകിട്ടും.