തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച യാത്രക്കാരൻ പിടിയിൽ. ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു സുരക്ഷാവീഴ്ച.
ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിക്കുള്ളിൽ പുക ഉയർന്നതോടെ വിമാനത്തിലെ സുരക്ഷാഅലാം മുഴങ്ങുകയും യാത്രക്കാരനെ ജീവനക്കാർ പിടികൂടുകയുമായിരുന്നു. ഇയാളെ പിന്നീട് വലിയതുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ തീപിടിക്കുന്ന വസ്തുക്കൾ ഒന്നുംതന്നെ കൈവശമോ ബാഗിലോ സൂക്ഷിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് നടപടി. എയർഇന്ത്യ എക്സ്പ്രസിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
2023 ജൂലൈയിൽ വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശി ശിവദാസിനെ പിടികൂടിയിരുന്നു. പുണെയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയ ശിവദാസ് ഡൊമസ്റ്റിക് എയർപോർട്ടിൽ വിമാനം ഇറങ്ങിയ സമയം വിമാനത്തിന്റെ ശുചിമുറിയിൽ പോയി സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിക്കുകയായിരുന്നു.